
തിരുവനന്തപുരം : വീട്ടിൽ കയറാൻ വാതിൽ തുറന്നു കൊടുക്കാത്തതിനാൽ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മകനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ചാല കരിമഠം കോളനിയില്‍ മണികണ്‌ഠൻ (26) ആണ് അച്ഛൻ സത്യനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അറസ്റ്റിലായത്.ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്‍റെ വാതില്‍ തുറന്നു കൊടുക്കാത്തതിനാണ് വെട്ടിയത്. കഴിഞ്ഞ മാസം ആര്യശാല മദ്യഷോപ്പിലെ സെക്യൂരിറ്റിയെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
വീട്ടില്‍ കയറ്റാത്തതില്‍ പ്രകോപിതനായ മണികണ്ഠൻ കത്തിയെടുത്ത് അച്ഛൻ സത്യന്‍റെ വയറ്റില്‍ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോള്‍ വലതുകാലിലും തുടയിലും കുത്തി. സത്യൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ പ്രതിയെ ഫോർട്ട് എസ്‌എച്ച്‌ഒ ശിവകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മണികണ്ഠനെന്ന് പൊലീസ് അറിയിച്ചു.