തളര്‍ന്നു കിടക്കുന്ന പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍ ; പിതാവിനെ തനിച്ചാക്കിയതിനാണ് മകനെ അറസ്റ്റ് ചെയ്തത്

തളര്‍ന്നു കിടക്കുന്ന പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍ ; പിതാവിനെ തനിച്ചാക്കിയതിനാണ് മകനെ അറസ്റ്റ് ചെയ്തത്

സ്വന്തം ലേഖകൻ

കൊച്ചി: തളര്‍ന്നു കിടക്കുന്ന പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പിതാവ് ഷണ്‍മുഖനെ തനിച്ചാക്കിയതിനു മകന്‍ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 308 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്.

അജിത്തിനെതിരെ ആദ്യം മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമായിരുന്നു കേസ് എടുത്തത്. നഗരസഭാ വൈസ് ചെയര്‍മാന്‍ കെകെ പ്രദീപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മകന്‍ ഉപേക്ഷിച്ചു പോയതോടെ ഷണ്‍മുഖന്‍ മരിച്ചു പോകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ വകുപ്പുകള്‍ പ്രകാരവും കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയതോടെ ഐപിസി 308 ചുമത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷാഘാതം വന്ന് കിടപ്പിലാണ് ഷണ്‍മുഖന്‍. ഷണ്‍മുഖന്‍ ഒറ്റയ്ക്ക് കിടക്കുന്നതായി വെള്ളിയാഴ്ച രാത്രിയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടന്‍ വാര്‍ഡ് കൗണ്‍സിലറെയും പെലീസിനെയും വിവരമറിയിച്ചു. ഇവര്‍ എത്തി നാട്ടുകാരും ചേര്‍ന്ന് വാതില്‍ തുറന്നു. ഈ സമയം ഷണ്‍മുഖന്‍ അവശനിലയിലായിരുന്നു. ഇദ്ദേഹത്തിന് നാട്ടുകാര്‍ ഭക്ഷണം നല്‍കി. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ വേളാങ്കണ്ണിയിലാണെന്നാണ് മകന്‍ നാട്ടുകാരോട് പറഞ്ഞത്.

ശനിയാഴ്ച രാവിലെ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വന്ന് ഷണ്‍മുഖന് ഭക്ഷണം നല്‍കി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഷണ്‍മുഖന്റെ രണ്ട് പെണ്‍മക്കളും ആശുപത്രിയിലെത്തിയിരുന്നു. വൈകീട്ടോടെ താലൂക്ക് ആശുപത്രിയില്‍നിന്ന് ഷണ്‍മുഖനെ സഹോദരന്‍ വിജയന്റെ ഇടുക്കിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

ഷണ്‍മുഖന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മകനെതിരേ നടപടിയെടുക്കാന്‍ മെയിന്റനന്‍സ് ട്രിബ്യൂണല്‍ പ്രിസൈഡിങ് ഓഫീസറായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.