
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ “മെറിറ്റ് ഈവനിംഗ് 2024” ശാസ്‍താംകോട്ട മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പലിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ 2024ൽ പവർലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ മൂന്ന് മത്സരങ്ങളിലും മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ സോളമൻ തോമസും, രണ്ട് പവർലിഫ്റ്റിങ് മത്സരങ്ങളിൽ നിന്നും രണ്ടു സ്വർണ്ണ മെഡലുകൾ നേടിയ ക്രിസ്റ്റി സോളമനും മൊമെന്റോകൾ യാക്കോബ് മാർ ഏലിയാസ് തിരുമേനിയിൽ നിന്നും സ്വീകരിച്ചു.
കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉടമസ്ഥരും പരിശീലകരുമാണ് ഇരുവരും. എല്ലാ വർഷവും ഇരുന്നൂറോളം പേർക്കാണ് ഫിറ്റ്നസ് പരിശീലനം നൽകുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഇവർ പരിശീലിപ്പിച്ചവർ പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയികളായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം സോളമൻസ് ജിമ്മിന് അൻപതോളം മെഡലുകൾ ആണ് പവർലിഫ്റ്റിങിൽ വിവിധ മത്സരങ്ങളിൽ നിന്നും സംസ്ഥാനതലത്തിൽ ലഭിച്ചത്. കൂടാതെ ജിമ്മിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ളാസുകൾ, യാത്രകൾ എന്നിവ നടത്താറുണ്ട്.
അതേസമയം ഏപ്രിൽ മാസം ഹിമാചൽപ്രദേശിൽ നടക്കുന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ ഇരുവരും.