
അമിതവേഗത്തിലെത്തിയ കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് തലകീഴായി മറിഞ്ഞു; കാർ ഓടിച്ച സൈനികന്റെ പക്കൽ കണ്ടെത്തിയത് പൊതികളായി സൂക്ഷിച്ച കഞ്ചാവ്; കാറിനുള്ളിൽ നിന്ന് കഞ്ചാവും വലിക്കാനായി ഉപയോഗിക്കുന്ന കടലാസും കണ്ടെത്തി; സൈനികൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്; സ്റ്റേഷനിലെത്തിച്ചതോടെ വാതിലിന്റെ അലുമിനിയം ഷീറ്റ് ചവിട്ടിപ്പൊളിച്ച് പരാക്രമം
തിരുവനന്തപുരം: വീടിന്റെ മതിൽ ഇടിച്ചു തകർത്ത കാർ തലകീഴായി മറിഞ്ഞു. കാർ ഓടിച്ച സൈനികന്റെ പക്കൽ കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ചതോടെ പരാക്രമം. തുടർന്ന് നടത്തിയ പരിശോധനയിൽ സൈനികൻ ഓടിച്ച കാറിനുള്ളിൽ നിന്നും കഞ്ചാവും വലിക്കാനായി ഉപയോഗിക്കുന്ന കടലാസ് അടക്കമുള്ളവ പൊലീസ് കണ്ടെത്തി.
കാറോടിച്ചിരുന്ന പ്ലാവൂർ സ്വദേശി ഹിറോഷിനെ(31) പൊലീസ് കസ്റ്റഡിയിലെടുത്തു. മാറനല്ലൂർ മാവുവിളയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ അപകടമുണ്ടാക്കിയ കാറിൽ നിന്നുമാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. വീടിന്റെ മതിൽ ഇടിച്ചുതകർത്ത കാർ തലകീഴായി മറിയുകയായിരുന്നു.
ഹിറോഷ് മദ്യപിച്ചിരുന്നതായും പൊലീസ് വിശദമാക്കി. ലീവെടുത്ത് നാട്ടിലെത്തിയതായിരുന്നു ഹിറോഷ്. പൊലീസ് സ്റ്റേഷനിലും അക്രമാസക്തനായ ഇയാൾ സ്റ്റേഷനിലെ വാതിലിന്റെ അലുമിനിയം ഷീറ്റ് ചവിട്ടിപ്പൊളിച്ചു. കാറിൽ യുവതി ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവുവിള ശാരദാലയത്തിൽ ഷീജയുടെ വീടിന്റെ മതിലാണ് തകർത്തത്. കൊറ്റംപള്ളി ഭാഗത്തു നിന്നും തൂങ്ങാംപാറയിലേക്ക് വരികയായിരുന്നു കാർ. വലിയ ശബ്ദത്തോടെ ഗേറ്റും മതിലും ഇടിച്ച് തകർത്ത് തൊട്ടടുത്ത വൈദ്യുതി പോസ്റ്റും തകർത്ത് തലകീഴായി മറിഞ്ഞു. മുൻ ഭാഗത്തെ ഒരു ടയർ ഊരി തെറിച്ചു. അമിത വേഗത്തിലായിരുന്നു കാറെന്നും വലിയ ശബ്ദത്തിലൂടെയായിരുന്നു കാർ പാഞ്ഞതെന്നും പരിസരവാസികൾ ആരോപിക്കുന്നു.
അപകട സ്ഥലത്തെത്തിയ മാറനല്ലൂർ പൊലീസാണ് ഹിറോഷിനെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് പൊതികളിൽ കുറഞ്ഞ അളവിലായിരുന്നു കഞ്ചാവെന്നതിനാൽ കേസെടുത്ത് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് വിശദമാക്കി. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നവർ അപകടത്തിന് പിന്നാലെ കടന്നുകളയുകയായിരുന്നു.