
കോട്ടയം : സോളാർ ബോട്ടുകള്‍ ഉപയോഗിക്കാതെ ഡീസല്‍ എഞ്ചിൻ ഘടിപ്പിച്ച പഴയ ബോട്ടുകള്‍ സർവീസ് നടത്തുന്നത് ജലഗതാഗതവകുപ്പിന് ബാധ്യതയാകുന്നു.
ചെലവു കൂടുതലും വരുമാനം കുറവുമുള്ള ഇത്തരം സർവീസ് വകുപ്പിനെ നഷ്ടക്കയത്തില്‍ മുക്കുകയാണ്. കുമരകം -മുഹമ്മ , കോട്ടയം – ആലപ്പുഴ ,ചങ്ങനാശേരി -ആലപ്പുഴ, വൈക്കം-തവണക്കടവ് തുടങ്ങിയ സർവീസുകളെല്ലാം
ഡീസല്‍ എഞ്ചിൻ ബോട്ടുകള്‍ ഉപയോഗിച്ചാണ്. വൈക്കത്തുനിന്ന് വേമ്പനാട്ടുകായലിലൂടെ കൊച്ചിക്ക് ആരംഭിച്ച സോളാർ ബോട്ട് സർവീസ് വലിയ ലാഭത്തിലായിരുന്നു. യാത്രക്കാർക്ക് സമയലാഭവും ജലഗതാഗത വകുപ്പിന് കൂടുതല്‍ വരുമാനവും നേടിക്കൊടുത്ത ഈ സർവീസിന്റെ ചുവട് പിടിച്ച് കോട്ടയം- ആലപ്പുഴ റൂട്ടില്‍ സർവീസിനായി വേഗത കൂടിയ സോളാർ ബോട്ടിന്റെ നിർമാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി.
എന്നാല്‍ പണി പൂർത്തിയായ സോളാർ ബോട്ട് വേറെ റൂട്ടിലേക്കു മാറ്റി .കോട്ടയം -ആലപ്പുഴ റൂട്ടില്‍ മൂന്നു മണിക്കൂറോളം സമയമെടുക്കുന്ന പഴയ തടിബോട്ടാണ് ഇപ്പോഴും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെലവ് കഴിഞ്ഞാല്‍ വരുമാനം ഇല്ല
കുമരകം -മുഹമ്മ സർവീസ് ഒരു ട്രിപ്പിന് 5.625 ലിറ്റർ ഡീസല്‍ വേണം. 534 രൂപയോളം ഇതിനാകും. കോട്ടയം -ആലപ്പുഴ റൂട്ടില്‍ ഇതിന്റെ നാലിരട്ടിയോളമാണ് ചെലവ്.
ദിവസം ഒന്നില്‍ക്കൂടുതല്‍ സർവീസ് നടത്തുന്നതിനാല്‍ കുമരകം -മുഹമ്മ രണ്ട് ബോട്ടുകള്‍ക്കും കൂടി ദിവസം ശരാശരി 85-90 ലിറ്ററോളം ഡീസല്‍ ആകും 8,069 രൂപയാണ് ചെലവ്. സ്രാങ്കും ബോട്ട് മാസ്റ്ററുമുള്പ്പെടെ അഞ്ചു ജീവനക്കാരുടെ ശമ്ബളവും ബോട്ടിന്റെ മറ്റ് ചെലവുകളും വേറെ.
ബോട്ടൊന്നിന്റെ പ്രതിദിന ശരാശരി കളക്ഷൻ-8,319 രൂപ
ഡീസല്‍-.4,034രൂപ
ബാക്കി-….4,285രൂപ(അഞ്ച് ജീവനക്കാരുടെ വേതനവും മറ്റ് ചെലവുകള്‍ക്കും ഇത് പര്യാപ്തമല്ല)
ലാഭത്തിലുപരി നൂറ് കണക്കിന് യാത്രക്കാരുടെ ആശ്രയമെന്ന നിലയില്‍ സേവനത്തിന് പ്രാധാന്യം നല്‍കിയാണ് കുമരകം-മുഹമ്മ സർവീസ് നടത്തുന്നത്. ഇപ്പോള്‍ നഷ്ടത്തിലാണ്.സോളാർ ബോട്ട് വന്നാല്‍ സർവീസ് ലാഭകരമാക്കാം –