
വിജയപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് സോളാര്‍ സൗഹൃദമാകുന്നു..
സ്വന്തംലേഖകൻ
വിജയപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം സോളാര്‍ സൗഹൃദമാകുന്നു. പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതോടെ പഞ്ചായത്തിന്റെ നൂറൂ ശതമാനം വൈദ്യുതി ഉപഭോഗവും സൗരോര്‍ജ്ജത്തില്‍ നിന്നാകും.
നിലവിലുള്ള സോളാര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് 11 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2013-14 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെല്‍ട്രോണ്‍ സ്ഥാപിച്ച എട്ട് കെ.വി ശേഷിയുള്ള ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റമാണ് നിലവിലുള്ളത്. എട്ട് കെവിയില്‍ നിന്ന് 16 കെ വി ഓണ്‍ ഗ്രിഡ് ആക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കെല്‍ട്രോണാണ് പുതിയ പദ്ധതിയും ഏറ്റെടുത്തിരിക്കുന്നത്. ഓണ്‍ഗ്രിഡിലേക്ക് മാറുമ്പോള്‍ ഉപയോഗ രഹിതമാകുന്ന ബാറ്ററികള്‍ കെല്‍ട്രോണ്‍ തിരിച്ചെടുക്കും. ഇതു മൂലം ഭാവിയില്‍ ബാറ്ററിയുടെ മെയിന്റനന്‍സ് ചാര്‍ജ് കുറയ്ക്കാന്‍ സാധിക്കും.
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി, കൃഷി, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം, ഹോമിയോ ഡിസ്‌പെന്‍സറി, കുടുംബശ്രീ – തൊഴിലുറപ്പ് എന്നീ ഓഫീസുകളിലേക്കുള്ള വൈദ്യുതിയും ഈ സോളാര്‍ പാനലുകളില്‍ നിന്നും ലഭ്യമാക്കും. ഉപയോഗശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബി യ്ക്ക് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.