
കോട്ടയം: സർക്കാരിന്റെ വാക്കുകേട്ട് പുരപ്പുറ സോളർ പദ്ധതിയിൽ ചേർന്നവരെ വഞ്ചിക്കാനുള്ള നീക്കമാണ് പുനരുപയോഗ ഊർജം സംബന്ധിച്ച കരടു ബില്ലിലെന്ന് ഉപയോക്താക്കൾ. ഉപയോക്താക്കളിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ആകർഷകമായ നിരക്ക് പ്രഖ്യാപിച്ചിരുന്ന സർക്കാരും കെഎസ്ഇബിയും ഇപ്പോൾ മലക്കംമറിയുകയാണ്. 2.35 ലക്ഷം ആളുകളാണ് കേരളത്തിൽ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. 2021ൽ കെഎസ്ഇബി മുന്നോട്ടുവച്ച സൗര സ്കീമാണ് കൂടുതൽ ആളുകളെ ആകർഷിച്ചത്. വ്യാപകമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്. നിലവിൽ സോളർ സ്ഥാപിച്ചവരെ പ്രധാനമായും 4 രീതിയിലാണ് കരട് ബില്ലിലെ വ്യവസ്ഥകൾ ബാധിക്കുന്നത്.
1) ബാങ്കിങ് സംവിധാനം ഒരു വർഷത്തിൽനിന്ന് ഒരു മാസമാക്കും
വീട്ടിൽ ഉപയോഗിച്ച വൈദ്യുതിയുടെ അളവും കെഎസ്ഇബിക്ക് വീട്ടിൽനിന്ന് നൽകിയ വൈദ്യുതിയുടെ അളവും നോക്കുമ്പോൾ ഉൽപാദിപ്പിച്ച വൈദ്യുതി മിച്ചം വരുന്നുണ്ടെങ്കിൽ അതു സൂക്ഷിച്ചു വയ്ക്കുകയും (ക്രെഡിറ്റ്) ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. എന്നാൽ പുതിയ കരട് പ്രകാരം ഇത് ഒരു മാസത്തിനുള്ളിൽ ഉപയോഗിക്കണം. ശേഷിക്കുന്നവയ്ക്ക് പണം നൽകാമെന്നാണ് നിലപാട്. എന്നാൽ ഉപയോഗിക്കുന്ന യൂണിറ്റിന് കെഎസ്ഇബി ബില്ലിൽ ചുമത്തുന്നതുമായി താരതമ്യം ചെയ്താൽ ഈ പണം വളരെ കുറവാണ്.
2) അധിക സാമ്പത്തിക ബാധ്യത
10 കിലോവാട്ടിന് മുകളിലുള്ള പ്ലാന്റുകൾക്ക് ഗ്രിഡിലേക്ക് കൊടുക്കുന്ന യൂണിറ്റിന് ഒരു രൂപ വീതം ഗ്രിഡ് സപ്പോർട്ട് ചാർജ് ഈടാക്കാൻ നിർദേശമുണ്ട്. ഇത് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3) നോർമലൈസേഷൻ ഫാക്ടർ
പകൽ സമയത്ത് ഗ്രിഡിലേക്ക് കൊടുത്ത വൈദ്യുതിക്ക് അനുസരിച്ചുള്ള ഉപയോഗം രാത്രി അനുവദിക്കില്ല. രാത്രിയിലെ ഉപയോഗത്തിന് നോർമലൈസേഷൻ ഫാക്ടർ എന്നപേരിൽ കട്ട്ഓഫ് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ വാല്യു ഉപയോഗിക്കുന്ന സമയത്തിന് അനുസരിച്ച് മാറും. ഉദാ: പകൽ സമയത്ത് 100 യൂണിറ്റ് ഗ്രിഡിലേക്ക് നൽകിയ വീട്ടിൽ രാത്രി 11.30നും രാവിലെ 6നും ഇടയിലാണ് വൈദ്യുതി ഉപയോഗമെങ്കിൽ 15 യൂണിറ്റ് നോർമലൈസേഷൻ ഫാക്ടർ എന്ന പേരിൽ കുറയ്ക്കും. ഈ സമയത്തിന് .85 എന്ന ഫാക്ടറാണ് നൽകിയിരിക്കുന്നത്.
പകൽ അധികം ഗ്രിഡിലേക്കു കൊടുക്കുന്നത് വൈകിട്ട് 6നും 11.30നും ഇടയിൽ 33%, രാത്രി 11.30 – രാവിലെ ആറിനും ഇടയ്ക്ക് ഉള്ള ഉപയോഗത്തിന് 15% എന്നിങ്ങനെ കട്ട് ചെയ്തേ ഉപയോഗിക്കാൻ കഴിയൂ എന്നത് സാധാരണ ഉപയോക്താക്കളെ ചതിക്കുന്നതിനു തുല്യമാണ്. സർക്കാർ നിർദേശം അനുസരിച്ച് സോളർ വച്ചതാണ് ഞങ്ങൾ ചെയ്ത തെറ്റ്.
4) പ്ലാന്റ് കപ്പാസിറ്റി കൂട്ടാൻ പാടില്ല
പുതിയ ഉപകരണം വയ്ക്കുകയോ ഉപയോഗം കൂടുകയോ ചെയ്യുന്നതിന് അനുസരിച്ച് പ്ലാന്റിന്റെ ഉൽപാദനശേഷി കൂട്ടാനാകില്ല. അങ്ങനെ ചെയ്താൽ പുതിയ പ്ലാന്റ് എന്ന പരിധിയിലേക്ക് വരുകയും പുതിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടി വരും.