
ന്യൂയോർക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായി ചരിത്രമിട്ട് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി. ഇതോടെ യുഎസിലെ ഏറ്റവും വലിയ നഗരത്തിന്റെ അധിപനായി മാറിയിരിക്കുകയാണ് ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി (34).
ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ കുമോയായിരുന്നു പ്രധാന എതിരാളി. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുമോയെയാണ് പിന്തുണച്ചത്.
മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്ത ഇസ്രായേൽ വിമർശകനായ മംദാനി വംശഹത്യക്ക് നേതൃത്വം നൽകുന്ന ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് നഗരത്തിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലെ മേയർ തിരഞ്ഞെടുപ്പ് ഫലമെന്നും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചന അറിയാനാകുമെന്നും വിലയിരുത്തലുണ്ട്.
മംദാനിക്കു പുറമേ ഇന്ത്യൻ വംശജർ ഉൾപ്പെടെ ദക്ഷിണേഷ്യയിൽ നിന്നുള്ള അൻപതിലേറെ സ്ഥാനാർഥികൾ വിവിധ നഗരങ്ങളിലെ സുപ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നുണ്ട്. വെർജീനിയ ലഫ്. ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഗസല ഹാഷ്‌മി, സിൻസിനാറ്റി മേയർ സ്ഥാനാർഥി അഫ്‌താബ് പുരേവൽ, മോറിസ്‌വിൽ മേയർ സ്ഥാനാർഥി സതീഷ് ഗരിമെല്ല എന്നിവരാണ് ഇവരിൽ പ്രമുഖർ.
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിൻ്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്യുന്നത്. ബ്രൂക്‌ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ദി ബ്രോൺക്സ്, സ്റ്റേറ്റൺ ഐലൻഡ് എന്നീ അഞ്ചു നഗരങ്ങൾ ചേർന്നാണ് ന്യൂയോർക്ക് സിറ്റി. റിയൽ ക്ലിയർ പൊളിറ്റിക്‌സ്’ അഭിപ്രായ സർവേ റിപ്പോർട്ട് പ്രകാരം എതിരാളികളേക്കാൾ വ്യക്തമായ മുൻതൂക്കം സൊഹ്റാൻ മംദാനിക്കായിരുന്നു. 46.1 ശതമാനമാണ് മംദാനിക്കുള്ള പിന്തുണ.




