
കോട്ടയം: മലയാളികള്‍ രാവിലെ കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് അപ്പം.
പണ്ടുമുതല്‍ക്കേ ആളുകള്‍ തലേദിവസം തന്നെ അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ മാവ് ഉണ്ടാക്കി വയ്ക്കാറുണ്ട്.
എന്നാല്‍ പല അവസരങ്ങളിലും ഇപ്പോഴുളളവർ മാവ് തയ്യാറാക്കി വയ്ക്കാൻ മറക്കാറുണ്ട്. ചിലരെങ്കിലും അപ്പം തയ്യാറാക്കുന്നതിന് കടകളില്‍ നിന്ന് ലഭിക്കുന്ന അപ്പത്തിന്റെ പൊടിയും ഉപയോഗിക്കുന്നുണ്ട്.
എന്നാലിനിമുതല്‍ തലേദിവസം തന്നെ മാവ് തയ്യാറാക്കി വയ്ക്കാതെ ഇഷ്ടവിഭവം ഉണ്ടാക്കാവുന്നതാണ്.
വെറും അരിപ്പൊടി കൊണ്ട് സോഫ്റ്റായ അപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനായി രണ്ട് കപ്പ് അരിപ്പൊടിയാണ് എടുക്കേണ്ടത്. ഒരു കപ്പ് ചോറും ആവശ്യമാണ്. ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം എടുത്ത് വച്ചിരിക്കുന്ന ചോറിടുക. അതിലേക്ക് അരിപ്പൊടി ചേർക്കുക. രണ്ട് ടീസ്‌പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, കാല്‍ടീസ്‌പൂണ്‍ ഈസ്റ്റ്, ആവശ്യത്തിന് ചൂടുവെളളവും എന്നിവ ചേർത്ത് അരച്ചെടുക്കുക. ഈസ്റ്റ് ചേർക്കാൻ താല്‍പര്യമില്ലാത്തവർ മാവ് അരച്ചതിനുശേഷം അല്‍പം ബേക്കിംഗ് സോഡ ചേർത്താല്‍ മതി.
തയ്യാറാക്കിയ മാവ് ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് അരഗ്ലാസ് ചൂടുവെളളം ചേർക്കാനും മറക്കരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഈ മാവ് അടച്ചുവയ്ക്കുക. അരമണിക്കൂറിനുശേഷം മാവ് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അധികം കനമില്ലാത്ത രീതിയില്‍ അപ്പം തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇഷ്ടപ്പെട്ട കറിയോടൊപ്പം അപ്പം കഴിക്കാം.