
സ്വന്തം ലേഖിക
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി സാമൂഹികപ്രവർത്തകയായ യുവതി പൊലീസിനെ സമീപിച്ചു. ഡ്രൈവർ ബസിന്റെ വേഗത കുറച്ചതാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക.
ബാലരാമപുരം പൊലീസിലും കെഎസ്ആർടിസിക്കും യുവതി പരാതി നൽകി. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകും വഴി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്ആർടിസി ബസിലെ ദുരനുഭവം യുവതി തുറന്നുപറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് നെയ്യാറ്റിൻകരയിലേക്ക് പോകുന്നതിനിടെ മുടവൂർപ്പാറയ്ക്കും ബാലരാമപുരത്തിനും ഇടയിലാണ് സംഭവം നടന്നത്. കെ.എൽ 15- 8789 എന്ന നമ്പർ ബസിലാണ് സംഭവം നടന്നത്. പ്രതികരിച്ചതോടെ അക്രമി രക്ഷപ്പെടാൻ ശ്രമിച്ചു.
കണ്ടക്ടർ പ്രതിയെ തടഞ്ഞുവെയ്ക്കുകയും വണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് എടുക്കാൻ നിർദേശിക്കുകയും ചെയ്‌തെങ്കിലും ഇയാൾ രക്ഷപ്പെട്ടുവെന്നും ബസിലെ സഹയാത്രികരാരും തന്നെ ഇയാളെ പിടികൂടാൻ സഹായിച്ചില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ യുവതി പറയുന്നു.പ്രതിയ്ക്ക് രക്ഷപെടാൻ ഡ്രൈവർ വാഹനത്തിന്റെ വേഗത കുറച്ചുകൊടുത്തുവെന്നും യുവതി ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് ബാലരാമപുരം പൊലീസിന് ഇ-മെയിൽ വഴി യുവതി പരാതി നൽകി. സംഭവം നടന്നപ്പോൾ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചിട്ടുണ്ട്. കൈയിൽ ചുവന്ന നൂലുകൾ കെട്ടിയ നെറ്റിയിൽ കുങ്കുമക്കുറിയും നീല ഷർട്ട് ഇട്ട ഒരാളാണ് അതിക്രമം നടത്തിയതെന്ന് യുവതി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.



