ഇടുക്കിയിലുണ്ടൊരു ‘സൂപ്പര്‍ ശരണ്യ’; പിക്കപ്പ് ഓടിച്ചും തടി ചുമന്നും സോഷ്യൽ മീഡിയ കൈയ്യടക്കി ഇരുപത്തിനാലുകാരി

Spread the love

ഇടുക്കി: ഇടുക്കിയില്‍ നിന്നുള്ള 24കാരിയായ ശരണ്യ മുത്തുവാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിൽക്കുന്നത്. ലോഡിംഗും അണ്‍ലോഡിംഗും ഡ്രൈവിങ് പോലെയുള്ള കഠിനമായ ജോലികള്‍ ചെയ്യുന്ന ശരണ്യയുടെ ദൈനംദിന ജീവിതം തന്നെയാണ് വൈറലായത്.

തടി വെട്ടുന്നതിനും കയറ്റുന്നതിനും പുറമെ, പിക്കപ്പുമായി പെരുമ്പാവൂർ വരെ പോകുന്ന യാത്രകളൊക്കെതന്നെ ശരണ്യക്ക് ഏറെ സന്തോഷം നൽകുന്നവയാണ്. ഇതൊക്കെ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായതും.

നെടുങ്കണ്ടം മൈനര്‍ ഉമ്മാക്കട വാഴത്തോപ്പില്‍ ശരണ്യ മുത്തുവിന്റെ അച്ഛന്‍ മുത്തുപ്പെരുമാളും ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ശരണ്യയ്ക്കും ഡ്രൈവിങ്ങിനോട് ഇഷ്ടം തോന്നി തുടങ്ങിയത്. മൂത്ത സഹോദരന്‍ ശരണും ലോറി ഡ്രൈവറായതോടെ ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കി പതിനെട്ടാം വയസ്സില്‍ തന്നെ ശരണ്യയും ലൈസന്‍സ് എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതയായതിനു ശേഷം ഡ്രൈവറായ ഭര്‍ത്താവ് സൂര്യയും ശരണ്യക്ക് പിന്തുണ നല്‍കി. അതോടൊപ്പം ബിരുദപഠനവും തുടരുകയാണ്. ബിരുദ പഠനത്തിനിടയിലും തടി മുറിക്കാനും ലോഡിങ്ങിനും അച്ഛനെ സഹായിക്കാനായി ശരണ്യ സമയം കണ്ടെത്തി.

ഇൻസ്റ്റഗ്രാമിലൂടെ ഡ്രൈവിംഗ് വീഡിയോകളും ജോലിചെയ്യുന്ന വീഡിയോകളും പങ്കുവെച്ചതോടെ ശരണ്യ താരമായി. കുറഞ്ഞ സമയങ്ങൾ കൊണ്ട് തന്നെ അമ്പതിനായിരത്തോളം ഫോളോവേഴ്‌സാണ് ഇപ്പോള്‍ ശരണ്യക്കുള്ളത്.