കുടുംബം കലക്കാൻ സോഷ്യൽ മീഡിയ വെട്ടുകിളികൾ: പ്രണയിച്ചപ്പോൾ കാമുകിയിൽ കാണാത്ത കുറ്റം കല്യാണത്തിന് കണ്ടെത്തിയത് സോഷ്യൽ മീഡിയ ; 25 കാരൻ വിവാഹം കഴിച്ച 45 കാരിയുടെ സത്യാവസ്ഥ പുറത്ത്; കോട്ടയത്തെ യുവാവിനു പിന്നാലെ രണ്ടു വർഷത്തിന് ശേഷം വിവാദ വിവാഹത്തിൽ കുടുങ്ങിയത് കണ്ണൂർ സ്വദേശി
സ്വന്തം ലേഖകൻ
കൊച്ചി: ആരെയും, എന്തിനെയും അപമാനിച്ചിരുത്താനും അപഹസിക്കാനും ഇല്ലാതാക്കാനും സോഷ്യൽ മീഡിയയ്ക്ക് വല്ലാത്തൊരു കഴിവുണ്ട്. സൗന്ദര്യവും കഴിവും ഒന്നും ഇവിടെ ഒരു പ്രശ്‌നമല്ല. ഏറ്റവും ഒടുവിൽ പ്രണയിച്ച് വിവാഹം കഴിച്ച രണ്ടു പേരാണ് സോഷ്യൽ മീഡിയയുടെ ക്രൂരമായ വേട്ടയ്ക്ക് ഇരയായിരിക്കുന്നത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് പി.സെബാസ്റ്റിയനും, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അനൂപ് വിവാഹം കഴിച്ച ജൂബി ജോസഫുമാണ് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയോടെ ക്രൂരമായ വേട്ടയാടലിന് ഇടയായത്.
ഫോട്ടോയിൽ ജൂബിയ്ക്ക് അനൂപിനേക്കാൾ പ്രായം തോന്നിയതായിരുന്നു സോഷ്യൽ മീഡിയ സദാചാരക്കാരുടെ പ്രശ്‌നം. രണ്ടു വർഷം മുൻപ് കോട്ടയം സ്വദേശിയായ നിധിൻ സുഭാഷിന് നേരിടേണ്ടി വന്ന ഇതേ വേട്ടയാടൽ തന്നെയാണ് ഇപ്പോൾ അനൂപിനെയും തേടിയെത്തിയിരിക്കുന്നത്. നിധിനെപ്പോലെ വിശാല ഹൃദയനാവാൻ അനൂപ് തയ്യാറല്ല. തന്നെയും ഭാര്യയെയും അപമാനിച്ചവർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിലും, സൈബർ സെല്ലിലും പരാതി നൽകിയിരിക്കുകയാണ് അനൂപ്. അനൂപിന്റെയും ഭാര്യയുടെയും ചിത്രം സോഷ്യൽ മീഡിയ വഴി മോശമായ കമന്റ് പ്രയോഗിച്ച് പ്രചരിപ്പിച്ച ആയിരത്തോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സൈബർ സൈൽ നൽകുന്ന സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” – ഈ ക്യാപ്ഷനോടെയാണ് അനൂപിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഞരമ്പു രോഗികൾ പ്രചരിപ്പിച്ചിരുന്നത്. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിൻറെ പ്രലോഭനത്തിലാണ് വരൻ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. വാർത്ത കാട്ടുതീ പോലെ പ്രചരിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായി ഇത് മാറി. സോഷ്യൽ മീഡിയ എറ്റെടുത്ത് അനൂപിന്റെ ആർത്തിയെ അപമാനിച്ചു. കാശിനു വേണ്ടി വിവാഹം കഴിച്ചവനാണെന്നും, ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നത് അടക്കമുള്ള മോശമായ കമന്റുകളാണ് അനൂപിനെതിരെയ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. അനൂപിന്റെ ഫെയ്‌സ്ബുക്ക് പേജിനു നേരെ പോലും വ്യാപകമായ ആക്രമണം ഉണ്ടായി.
കോ പൈലറ്റായ അനൂപും, വിമാനത്താവള ജീവനക്കാരിയായ ജൂബിയും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു. ജൂബിയേക്കാൾ രണ്ടു വയസ് മൂത്തതാണ് അനൂപ്. ജോലിയെല്ലാം നേടി സെറ്റിലായ ശേഷം മാത്രം മതി വിവാഹം എന്ന ധാരണയിലായിരുന്നു ഇരുവരും. ഇതേ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി നാലിന് ഇരുവരും വിവാഹിതരായത്. ആഘോഷമായി വിവാഹം നടത്തി, ജീവിതത്തിലേയ്ക്ക് കടക്കാൻ ഒരുങ്ങുമ്പോഴാണ് ഇരുവർക്കും ജീവിതത്തിൽ ഇന്നുവരെ തോന്നാത്ത അപമാനം സോഷ്യൽ മീഡിയയിലെ ആങ്ങളമാർക്ക് തോന്നിയത്. തങ്ങളുടെ പ്രായം സംബന്ധിച്ചു പ്രചരിക്കുന്നതെല്ലാം കള്ളമാണെന്ന് ഇരുവരും തേർ്ഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. തങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ കേസിൽ നടപടിയുണ്ടാകുമെന്നും ഇവർ അറിയിച്ചു.
രണ്ട് വർഷം മുൻപ് ഒരു ആഗസ്റ്റ് 22 നായിരുന്നു നിധിൻ സുഭാഷ് എന്ന കോട്ടയം സ്വദേശിയായ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സോഷ്യൽ മീഡിയ വെട്ടുകിളികളുടെ ആക്രമണം ഉണ്ടായത്. നിധിൻ വിവാഹം കഴിച്ച പെൺകുട്ടിയ്ക്ക് അൽപം കറുത്ത നിറമായിരുന്നു.
ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ ആക്രമണമാണ് നടന്നത്. നിധിൻ സ്വത്ത് മോഹിച്ച് വിവാഹം കഴിച്ചതാണെന്നായിരുന്നു ആക്രമണം. ഇതിനെതിരെ നിധിൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് എത്തി. ഇതോടെയാണ് ആക്രമണം അവസാനിപ്പിക്കാൻ സോഷ്യൽ മീഡിയ വെട്ടുകിളികൾ തയ്യാറായത്. ഇപ്പോൾ ഒരു കുട്ടിയുമായി രണ്ടു പേരും സസുഖം വാഴുന്നു.