ഇനി രാജ്യത്തെ പ്രായം കുറഞ്ഞ ‘മേയറമ്മ’; ഒരു മാസത്തോളം മാത്രം പ്രായമുള്ള കൈ കുഞ്ഞുമായി ജോലികളില്‍ മുഴുകി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ചിത്രം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ!!!

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലികളില്‍ ഏര്‍പ്പെടുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ ചിത്രം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം സൃഷ്ടിച്ച ആര്യയും സി.പി.എമ്മിന്റെ യുവ എം.എല്‍.എയായ സച്ചിനും പ്രണയത്തിലൂടെ ഒന്നിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

ഗര്‍ഭിണിയായിരിക്കെയും ആര്യ മേയര്‍ ജോലി നിര്‍വഹിക്കുകയും ഓഫീസിലെത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിൻ ദേവിനും കഴിഞ്ഞ മാസം പത്തിനാണ് പെണ്‍‌കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയിലായിരുന്നു പ്രസവം. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിന്‍റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാര്‍ത്തകളില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്‌എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു.

സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.

ഓള്‍ സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. അടിമുടി പാര്‍ട്ടി സ്റ്റൈലിലായിരുന്നു ഇവരുടെ വിവാഹവും ക്ഷണക്കത്തും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നേരത്തെ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്തം പറഞ്ഞുള്ള വിവാഹത്തിനുള്ള ക്ഷണക്കത്ത് വൈറലായിരുന്നു. ഇപ്പോള്‍ ആര്യയുടെ കുഞ്ഞുമായി തന്‍റെ ചുമതലകളില്‍ ഏര്‍പ്പെടുന്ന ചിത്രവും നിരവധി പേരാണ് പങ്കുവയ്ക്കുന്നത്.