
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ചതുമായി ബന്ധപ്പെട്ട വിവാദ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കേരള പോലീസ് കർശന നടപടി തുടങ്ങി.
വിവാദ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകള്‍ക്കും, 200 ഫേസ്ബുക്ക് പേജുകള്‍ക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികള്‍ക്കും പോലീസ് നോട്ടീസ് അയച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉള്‍പ്പെട്ട പോസ്റ്റുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ എക്സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പോസ്റ്റുകള്‍ പൂർണ്ണമായി നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, പോലീസിനെ ഉപയോഗിച്ച് സമൂഹമാധ്യമ ഉപയോക്താക്കളെ നിശബ്ദരാക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്ന വിമർശനം വിവിധ കോണുകളില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഔദ്യോഗിക രേഖയില്‍ രാഷ്ട്രീയ പാർട്ടിയുടെ സീല്‍ വന്നതിലെ ദുരൂഹത അന്വേഷിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാണിച്ചവർക്കെതിരെ നടപടിയെടുക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ വിഷയം ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന് തങ്ങള്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് ടിഎംസി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത പൂർണ്ണമായും തകർന്നുവെന്നും, രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും നേതാക്കള്‍ പറയുന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രധാന ആയുധമായി ഈ സർക്കുലർ വിവാദം ടിഎംസി ഉപയോഗിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം വിമർശിച്ചത്. ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചിട്ടും അത് തിരുത്തി മാപ്പ് പറയുന്നതിന് പകരം, പോലീസിനെ ഉപയോഗിച്ച് വിമർശിച്ചവർക്ക് നോട്ടീസ് അയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയില്‍ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീല്‍ വന്നത് കേവലം സാങ്കേതിക പിഴവായി കാണാനാവില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.



