സിപിഎം നേതാവ് എ സി മൊയ്തീനുമായി സതീശൻ നിരന്തരം കൂടിക്കാഴ്ച നടത്തുന്നത് എന്തിനുവേണ്ടി ; മുഖ്യമന്ത്രി പിണറായി വിജയൻ കൈയും കെട്ടി ഇരിക്കുകയായിരുന്നോ ? അദ്ദേഹത്തിന്റെ കൈ പടവലങ്ങയാണോ ?’ : ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ആരോപണം നടത്താൻ തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീടും സ്ഥലവും ഉൾപ്പെടെ കടബാധ്യതയിൽപ്പെട്ടു നിൽക്കുന്ന ഒരു പാവപ്പെട്ടവനെ സിപിഎം പണം കൊടുത്തുവാങ്ങിയതാണ്. സിപിഎം നേതാവ് എ സി മൊയ്തീനുമായി സതീശൻ നിരന്തരം കൂടിക്കാഴ്ച നടത്തുന്നത് എന്തിനുവേണ്ടിയാണെന്നും ശോഭ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.
‘ബിജെപിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന, തന്റെ വീടും സ്ഥലവും ഉൾപ്പെടെ കടബാധ്യതയിൽപ്പെട്ടു നിൽക്കുന്ന ഒരു പാവപ്പെട്ടവനെ പണം കൊടുത്തുവാങ്ങിയിരിക്കുകയാണ്. എന്തിനാണ് എ സി മൊയ്തീനെ സതീശൻ അടിക്കടി കണ്ടുകൊണ്ടിരുന്നത്. ഇക്കാര്യത്തിൽ ഞങ്ങളും ശ്രദ്ധാലുക്കളാണ്. കൊടകര കുഴൽപ്പണക്കേസ് മാസങ്ങളോളം പൊലീസ് അന്വേഷിച്ചിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കൈയും കെട്ടി ഇരിക്കുകയായിരുന്നോ ? അദ്ദേഹത്തിന്റെ കൈ പടവലങ്ങയാണോ ?’- ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
എന്നാൽ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങൾ എ സി മൊയ്തീൻ തള്ളി. തിരൂർ സതീശനെ തനിക്ക് വാർത്തയിലൂടെ മാത്രമാണ് അറിയൂ എന്നാണ് മൊയ്തീൻ പറഞ്ഞത്. ശോഭയുടെ വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും നാട്ടുകാർക്ക് തന്നെക്കുറിച്ചും ബിജെപിയെക്കുറിച്ചും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group