തണലായി സ്നേഹസാന്ദ്രം ; ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ പെറ്റമ്മയും പോറ്റമ്മയുമായി ഷീജ.

Spread the love

 

തിരുവനന്തപുരം : ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ പോറ്റമ്മയാണ് മുപ്പത്തിയഞ്ചുകാരിയായ പേയാട് സ്വദേശിനി ഷീജ. ഒപ്പം സ്നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാഥയും. ഭിന്നശേഷിക്കാരിയായ തന്റെ മകള്‍ക്ക് കിട്ടുന്ന സ്നേഹവും പരിചരണവും സമാനാവസ്ഥയിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങള്‍ക്കും ലഭിക്കണമെന്ന തീരുമാനമാണ് സ്നേഹസാന്ദ്രമെന്ന ട്രസ്റ്റിലേക്ക് ഷീജയെ നയിച്ചത്. 2020 ലാണ് മകള്‍ സാന്ദ്രയുടെ പേരും സ്നേഹവും ചേര്‍ത്തുവച്ച്‌ സ്നേഹസാന്ദ്രം തുടങ്ങുന്നത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് മാത്രമേ ട്രസ്റ്റില്‍ അംഗമാവാൻ കഴിയൂ.

 

 

 

ഭാരവാഹികളും അങ്ങനെതന്നെ. ഭിന്നശേഷിക്കുട്ടികള്‍ക്ക് മരുന്നും വസ്ത്രങ്ങളും പഠനോപകരണങ്ങളും നല്‍കി അവര്‍ക്ക് വഴിക്കാട്ടിയായി പ്രവര്‍ത്തിക്കുകയാണ് ഈ കൂട്ടായ്മയിപ്പോള്‍. കുട്ടികളിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. ബി.എയും ടി.ടി.സിയും കഴിഞ്ഞ ഷീജ ചെറിയ ജോലികള്‍ ചെയ്തും സുമനസുകളില്‍ നിന്ന് കിട്ടുന്ന തുകയും ഉപയോഗിച്ചാണ് സ്നേഹസാന്ദ്രം മുന്നോട്ടു കൊണ്ടുപോകുന്നത്.

 

 

 

 

ഒപ്പം അമ്മമാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തി സ്വയം പര്യാപ്തരാകാനും ട്രസ്റ്റ് സഹായിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന മൈക്രോസഫാലിയ എന്ന രോഗാവസ്ഥയാണ് ഷീജയുടെ മകള്‍ സാന്ദ്രയ്ക്ക്. ചലിക്കാനാവാതെ തന്റെ മകള്‍ക്ക് കിടക്കയില്‍ കിടക്കേണ്ടിവന്നിട്ടും തളരാനോ വിധിയെ പഴിക്കാനോ ഷീജ തയാറായില്ല. മകള്‍ക്ക് അച്ഛനും അമ്മയുമായി അവള്‍ മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പഠനകാലത്തുതന്നെ സാമൂഹ്യസേവനരംഗത്ത് സജീവമായ ഷീജയിന്ന് അശരണരായ നിരവധിപ്പേര്‍ക്ക് വെളിച്ചമേകുന്നു. ആറുമാസമായ മകള്‍ക്കൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് ചികിത്സയ്ക്കും ആഹാരത്തിനും പണമില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തെ ഷീജ കാണുന്നത്. ആ കാഴ്ച ഷീജയെ കരയിപ്പിച്ചു. അന്നുമുതല്‍ സുഹൃത്തുകളുടെയും പരിചയക്കാരുടെയും സഹായത്തോടെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് പ്രതീക്ഷയായി മാറുകയായിരുന്നു ഷീജ.

 

 

സ്നേഹസാന്ദ്രത്തിന്റെ പ്രവര്‍ത്തനം കണ്ട് വിളപ്പില്‍ശാലയില്‍ ഒരുവ്യക്തി ഇവര്‍ക്കായി 20 സെന്റ് സ്ഥലം ദാനമായി നല്‍കിയിട്ടുണ്ട്. ഇവിടെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ഒരു വീട് ഒരുക്കാനുള്ള പരിശ്രമത്തിലാണ് ഷീജയിപ്പോള്‍.