ബഹളവും ഷോ കാണിക്കലും ഇല്ലാതെ 20 കിലോയിലധികം തൂക്കമുള്ള കൂറ്റൻ രാജവമ്പാലയെ പിടികൂടി പെൺകരുത്ത്

Spread the love

തിരുവനന്തപുരം: പേപ്പാറയിലെ ജനവാസ മേഖലയിൽ നിന്ന് 18 അടി നീളമുള്ള രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. ഇന്ന് രാവിലെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് കടവിലെ പാറയ്ക്ക് മുകളിലായി കിടന്നിരുന്ന രാജവെമ്പാലയെ കണ്ടത്. ഏതാണ്ട് പതിനെട്ടടിയോളം വരുന്ന രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശത്ത് അടുത്ത കാലത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാർ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു. തോടിന് കരയിലുണ്ടായിരുന്ന രാജവെമ്പാലയെ ആറ് മിനിറ്റോളമെടുത്താണ് പിടികൂടാനായത്. ഇതിനകം അഞ്ഞൂറിൽപരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായാണെന്ന് റോഷ്നി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ രാജവെമ്പാലയെ കാണുന്നത് അപൂർവമായിട്ടാണ്. പിടികൂടാൻ ശ്രമിച്ചതോടെ ഇത് വെള്ളത്തിലേക്ക് ഇറങ്ങിയത് അൽപം ബുദ്ധിമുട്ടുണ്ടാക്കി. നീളം കൂടുതലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ വരുതിയിലാക്കാനായെന്നും റോഷ്നി പറഞ്ഞു. ഇരുപത് കിലോ തൂക്കം വരുന്ന, നിലവിൽ ആർആർടിയുടെ പക്കലുള്ള രാജവെമ്പാലയെ ഉൾക്കാട്ടിൽ തുറന്നുവിടാനാണ് തീരുമാനം. ആര്യനാട് പാലോട് സെക്ഷനിലെ സ്റ്റാഫുകളും വാച്ചർ മാരായ ഷിബു, സുഭാഷ് എന്നിവരും രാജവെമ്പാലയെ പിടികൂടാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group