മഞ്ഞും പിന്നാലെയുള്ള ചൂടും…! ഇത്‌ പാമ്പുകളുടെ ഇണചേരല്‍ കാലം; പാമ്പുകളുടെ വിഹാര കേന്ദ്രമായി പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും; ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്‌

Spread the love

കോട്ടയം: മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകള്‍ മാളത്തിനു പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്‌.

പാമ്പുകളുടെ ഇണചേരല്‍ സമയമായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണു നിര്‍ദേശം. മലയോര, പടിഞ്ഞാറന്‍ മേഖലകളിലെ നിരവധി വീടുകളില്‍ നിന്നു സമീപനാളുകളില്‍ പാമ്പുകളെ പിടികൂടിയിരുന്നു. പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി.

പ്രളയത്തിനു ശേഷം വനമേഖലയില്‍ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്ബുകള്‍ നാട്ടിന്‍പുറത്തെത്തിയിട്ടുണ്ട്‌. പുഴയോരത്തും മറ്റും ഒട്ടേറെ അപരിചിത ഇനത്തിലുള്ള പാമ്ബുകളെ കാണുന്നുണ്ടെന്നു നാട്ടുകാരും പറയുന്നു. പ്രളയത്തില്‍ പുഴയോരത്തെയും സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങള്‍ മൂടിയതോടെ പാമ്പുകള്‍ പുറത്തുചാടുന്നതും പതിവായി. കടിയേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്‌ടോബര്‍ മുതല്‍ പാമ്പുകളുടെ പ്രജനന കാലമാണ്‌. ഇണചേരല്‍ കാലത്ത്‌ പെണ്‍പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്‌ടരായി ആണ്‍പാമ്ബുകള്‍ തേടിയിറങ്ങും. ചൂടുകൂടിയാല്‍ ശീതരക്‌തമുള്ള പാമ്ബുകള്‍ ശരീരത്തിലെ താപനില നിലനിര്‍ത്താന്‍ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്‌താല്‍ ആഞ്ഞുകൊത്തും.

പാമ്പുകളെ കണ്ടാല്‍ അറിയിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ വോളണ്ടിയര്‍മാരെയും വനംവകുപ്പ്‌ സജ്‌ജമാക്കിയിട്ടുണ്ട്‌. ഇതിനായി സര്‍പ്പ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.
വീടും പരിസരവും വൃത്തിയാക്കുകയാണു പാമ്പുകളെ ഒഴിവാക്കാനുള്ള പ്രധാന നടപടി.

മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍ നിന്നു കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക, കെട്ടിടത്തിനു മുകളിലേക്കു വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കം ചെയ്യുക എന്നിവയും പാമ്പുശല്യത്തില്‍ നിന്നു രക്ഷനേടാനുള്ള മാര്‍ഗങ്ങളാണ്‌. മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും ഏറെ ശ്രദ്ധിക്കണം.

ആള്‍സഞ്ചാരം കുറയുന്ന സന്ധ്യയ്‌ക്ക്‌ പാമ്പുകള്‍ ഇര തേടിയിറങ്ങും. പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണു പാമ്പുശല്യം രൂക്ഷമായിരിക്കുന്നത്‌. കിഴക്കന്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന പാമ്പുകളാണ്‌ ഈ മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്‌.