വിഷചികിത്സയിൽ നിർണായക നേട്ടം : മൂർഖൻ പാമ്പ് വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂർത്തിയായി

വിഷചികിത്സയിൽ നിർണായക നേട്ടം : മൂർഖൻ പാമ്പ് വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂർത്തിയായി

 

സ്വന്തം ലേഖിക

കൊച്ചി : വിഷചികിത്സയിൽ പുതിയ ആന്റിവെനങ്ങൾക്കു വഴി തുറന്ന് മൂർഖൻ പാമ്പിന്റെ വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂർത്തിയായ്.ഈ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തത് മലയാളിയായ ഡോ. ജോർജ് തോമസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന അഗ്രിജീനോം ലാബ്സ് ഇന്ത്യയാണ്.കൃത്യതയേറിയ സിന്തറ്റിക് ആന്റിവെനം വികസിപ്പിക്കാൻ ജനിതക ഘടനാ ചിത്രം സഹായിക്കും. സൈജിനോം റിസർച്ച് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയായിരുന്നു ഗവേഷണം.

ലോകത്ത് മെഡിക്കൽ ജിനോമിക്സിലെ ഉജ്ജ്വലമായ നേട്ടങ്ങളിലൊന്നായിട്ടാണ് ഇതിനെ കരുതുന്നത്. നേച്ചർ ജനിറ്റിക്സിന്റെ 2020 ജനുവരി ലക്കത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആന്റിവെനം വികസിപ്പിച്ചെടുക്കുന്ന രീതിയെ പൂർണമായും മാറ്റുന്നതാണ് പുതിയ ശാസ്ത്ര നേട്ടമെന്ന് അഗ്രിജീനോം ലാബ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കൂടിയായ ഡോ. ജോർജ് തോമസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനിതക പഠനം വഴി വളരെ ഉയർന്ന നിലവാരമുള്ള റഫറൻസ് ജീനോം ലഭ്യമായിട്ടുണ്ട്. ഇത് ഇന്ത്യൻ കോബ്രയിലെ ജനിതക വൈവിധ്യത്തെ വിലയിരുത്തുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.വിഷഗ്രന്ഥികളിൽ പ്രതിഫലിക്കുന്ന 19 വിഷാംശ ജീനുകളെ ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്തു. ഇതു വഴി പാമ്പിന്റെ വിഷവസ്തുക്കളും അവയെ എൻകോഡു ചെയ്യുന്ന ജീനുകളും തമ്മിലുള്ള ബന്ധം ആദ്യമായി സ്ഥാപിക്കപ്പെട്ടു.

പാമ്പിൽനിന്ന് ശേഖരിച്ച വിഷം ഉപയോഗിച്ച് കുതിരകളിൽ ആന്റിബോഡി വികസിപ്പിച്ച്, അത് ശുദ്ധീകരിച്ചാണ് നിലവിൽ ആന്റിവെനം നിർമിക്കുന്നത്. ഇത് 1895-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആൽബർട്ട് കാൽമെറ്റ് വികസിപ്പിച്ചെടുത്ത രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാസ്ത്രലോകം ഈ രീതിയിൽനിന്ന് ഇതുവരെ അധികം മുന്നോട്ടു പോയിരുന്നില്ല. ഈ മരുന്നുകൾക്ക് ഫലപ്രാപ്തി കുറവും പാർശ്വഫലങ്ങൾ കൂടുതലുമാണ്.