
കൊച്ചി: ഒച്ചുകളില്‍ നിന്ന് പകരുന്ന ‘ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് (ഇ.എം)’ എന്ന ഗുരുതര രോഗാവസ്ഥ ദക്ഷിണേന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന് പഠനം.
കൊച്ചി അമൃത ആശുപത്രി 14 വർഷമായി നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. രോഗിയുടെ മരണത്തിന് ഇടയാക്കുന്നതോ മസ്തിഷ്‌കത്തിനും ഞരമ്ബിനും ശാശ്വതമായി തകരാറുണ്ടാക്കുന്നതോ ആണ് ഈ രോഗാവസ്ഥ.
പഠനത്തിന്റെ ഭാഗമായി അമൃതയുടെ കാമ്ബസില്‍ പരിശോധിച്ച കുട്ടികളില്‍ പകുതിയിലധികം പേർക്കും ഒച്ചുകളുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായി. എറണാകുളത്തും സമീപ ജില്ലകളിലുമുള്ളവരെയാണ് ഉള്‍പ്പെടുത്തിയത്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒച്ചുകളില്‍ കാണുന്ന റാറ്റ് ലങ് വേം (പരാന്ന അണുക്കള്‍) ആണ് ഇസിനോഫിലിക് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്. ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ലാർവ വീണ വസ്തുക്കളിലൂടെയോ കുട്ടികള്‍ക്ക് അണുബാധയേല്‍ക്കാം.പാകം ചെയ്യാത്ത ഉടുമ്പ്, ഞണ്ട്, തവള, ചെമ്മീൻ എന്നിവയുടെ മാംസത്തിലും ഇത്തരം അണുക്കളുണ്ട്.
മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്തപനി, അലസത, ക്ഷോഭം, ഛർദ്ദി, ഇടവിട്ടുള്ള അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങള്‍.
ലംബർ പഞ്ചർ എന്ന ലളിതമായ നടപടിക്രമത്തിലൂടെ സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ഇസിനോഫിലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. സാധാരണ മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ഇ.എം. രോഗലക്ഷണങ്ങള്‍ കുറയില്ല.
ആല്‍ബെൻഡാസോള്‍, ഓറല്‍ സ്റ്റിറോയിഡുകള്‍ എന്നീ ചികിത്സാരീതികള്‍ പിന്തുടർന്നാല്‍ നാഡിസംബന്ധ തകരാറുകളില്ലാതെ സുഖം പ്രാപിക്കാനാകും. ഒരു മാസം മുതല്‍ അഞ്ച് വർഷം വരെയാണ് ചികിത്സതുടരേണ്ടത്. രോഗത്തേക്കുറിച്ച് കൂട്ടായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും അമൃത ആശുപത്രിയുടെ പഠന റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു.