
ചേർത്തല,: ക്ഷേത്രോത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പും കരിമരുന്നും ഒഴിവാക്കി ആ തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഗുണകരമായ മറ്റു പ്രവർത്തനങ്ങൾക്കും ചെലവഴിക്കണമെന്ന് എസ്‌എൻ ട്രസ്റ്റ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. ചേർത്തല എസ്‌എൻ കോളേജില്‍ നടന്ന 72-ാമത് വാർഷിക പൊതുയോഗത്തില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
പൂവിറുക്കുന്ന ലാഘവത്തോടെയാണ് യുവതലമുറ കൊലപാതകങ്ങള്‍ ചെയ്യുന്നതെന്നും റാഗിങ് എന്ന വിപത്തിനെ കാംപസില്‍നിന്ന് വേരോടെ പിഴുതെറിയണമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. കേരളത്തിലെ ഉന്നതോദ്യോഗസ്ഥർപോലും കറുപ്പുനിറത്തിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നു. മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇതിനെതിരേ തുറന്നുപറയാൻ കാണിച്ച ധൈര്യം അഭിനന്ദനീയമാണ്. റാപ്പർ വേടനോടും അയാളുടെ പാട്ടിനോടും ഇതേ സമീപനമാണ് ചിലർ പുലർത്തിയത്. മറവിക്കെതിരേയുള്ള ഓർമ്മകളുടെ സമരമാണ് ആ പാട്ടുകള്‍. വേടൻ പാടി ഉണർത്തുകയാണ്, ഉറക്കുകയല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
കൂടല്‍മാണിക്യത്ത് കഴകക്കാരന്റെ നിയമനവുമായി ബന്ധപ്പെട്ട് ജാതിവിവേചനമുണ്ടായതു പോലെയുള്ള അന്തസ്സില്ലാത്ത പ്രവൃത്തികളെ തള്ളിപ്പറയാൻ എല്ലാ ഹൈന്ദവസംഘടനകള്‍ക്കും കഴിയണം. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ അർഹമായതെല്ലാം സമുദായാംഗങ്ങള്‍ ചോദിച്ചുവാങ്ങണമെന്നും അത് അഭിമാനമായി കാണണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സമുദായ താത്പര്യമുള്ളതുകൊണ്ടാണ് ക്രിസ്ത്യൻ, മുസ്ലിം എന്നിവ വളരുന്നത്. ഒരു മുന്നണിയും ഈഴവനു പ്രാമുഖ്യം നല്‍കിയിട്ടില്ല. നമുക്കിടയില്‍ കുലംകുത്തികളുണ്ടെന്നും അതു തിരിച്ചറിഞ്ഞാലേ ഭാവിതലമുറയ്ക്കു രക്ഷയുണ്ടാകൂവെന്നും വെള്ളാപ്പള്ളിയും നിർദ്ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group