കേരളത്തിൽ പിടിയിലാകുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം രാസലഹരികളുടേയും പിന്നിൽ ആഫ്രിക്കൻ വംശജരായ ഇടവില്‍പ്പനക്കാർ ; രാജ്യാന്തര ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറുന്നു ; വ്യാപകമായി ലഹരിമരുന്ന് ‘കുക്കിങ്ങും’

കേരളത്തിൽ പിടിയിലാകുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം രാസലഹരികളുടേയും പിന്നിൽ ആഫ്രിക്കൻ വംശജരായ ഇടവില്‍പ്പനക്കാർ ; രാജ്യാന്തര ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറുന്നു ; വ്യാപകമായി ലഹരിമരുന്ന് ‘കുക്കിങ്ങും’

സ്വന്തം ലേഖകൻ

2016 ഫെബ്രുവരിയിൽ പുറത്തുവന്ന യുഎൻ ഓഫിസ് ഓൺ ഡ്രഗ് ആൻഡ് ക്രൈം റിപ്പോർട്ടിലെ ഒരു വാചകം ഇങ്ങനെയാണ്– ‘തെക്കേ അമേരിക്കൻ‍ ലഹരിമാഫിയയുടെ വേരുകൾ ഇന്ത്യയിലേക്കും ശക്തമായി പടർന്നു തുടങ്ങിയിരിക്കുന്നു’. ആ ഇടയ്ക്കാണ് വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളില്‍ ഒന്നിൽനിന്ന് കൊച്ചിയിലെത്തിയ ജൂ‍ഡി മിഷേൽ എന്നയാളിൽനിന്ന് എട്ടു കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടിയത്. ഇയാൾക്കു തെക്കേ അമേരിക്കൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ട് എന്നതും അതിനൊപ്പം പുറത്തുവന്നിരുന്നു.

അതിനുശേഷം എട്ടു വർ‍ഷം കഴിഞ്ഞു, ഇക്കഴിഞ്ഞ 16ന് കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ അറസ്റ്റിലായ ടാൻസാനിയൻ ദമ്പതികളുടെ വയറ്റിലുണ്ടായിരുന്നത് 4 കിലോഗ്രാം കൊക്കെയ്നാണ്, രാജ്യാന്തര വിപണിയിൽ 30 കോടി രൂപയുടെ മുതൽ. ഈ വർഷം ഏപ്രിലിൽ 6.68 കോടി രൂപ വിലയുള്ള 668 ഗ്രാം കൊക്കെയ്ൻ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാൻസാനിയൻ സ്വദേശി ഒമാറി അത്തുമണി ജോംഗോ, വെറോണിക്ക അഡ്രേഹേം ദുംഗുരു എന്നിവർ വിഴുങ്ങിയത് 100 ക്യാപ്സൂളുകൾ വീതം ആകെ നാലു കിലോഗ്രാം കൊക്കെയ്ൻ. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന ക്യാപ്സൂളുകൾ 4 ദിവസം കൊണ്ട് പുറത്തു വന്നു. എന്നാൽ ശാരീരിക പ്രശ്നങ്ങളുള്ള വെറോണിക്കയുടെ ശരീരത്തിൽനിന്നു കൊക്കെയ്ൻ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു കഠിനം. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ പഴങ്ങൾ അടക്കമുള്ള ഭക്ഷണം നൽകി ക്യാപ്സൂളുകൾ പുറത്തെത്തിക്കുക എന്ന ശ്രമകരമായ ജോലി ആയിരുന്നു കസ്റ്റംസിനുണ്ടായിരുന്നത്. ഇതിൽ ഏതെങ്കിലും ക്യാപ്സൂൾ പൊട്ടി അൽപമെങ്കിലും കൊക്കെയ്ൻ വയറ്റിലെത്തിയാൽ അവർ മരിക്കും എന്നതും ഉറപ്പ്. എങ്കിലും ലഹരിമരുന്ന് കടത്തിയാൽ ലഭിക്കുന്ന വലിയ ലാഭത്തെപ്പറ്റി ഓർക്കുമ്പോൾ പലരും റിസ്ക് എടുക്കാൻ തയാറാകും. അത്തരമൊരു റിസ്ക് എടുത്തതായിരുന്നു ഒമാറിയും വെറോണിക്കയും എന്നാണ് കസ്റ്റംസ് ഡിആർഐ വൃത്തങ്ങൾ പറയുന്നത്.

രണ്ടു വിധത്തിലാണ് ആഫ്രിക്കൻ വംശജർ ഇന്ത്യയുമായി ബന്ധപ്പെട്ട് ലഹരി മരുന്നു കടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വൻ നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവ കേന്ദ്രമാക്കിയുള്ള ലഹരിമരുന്ന് വ്യാപാരമാണ് ഒന്ന്. കേരളത്തിൽ പിടിയിലാകുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം രാസലഹരികളുടേയും പിന്നിൽ ആഫ്രിക്കൻ വംശജരായ ഇടവില്‍പ്പനക്കാരുണ്ട്. ഇതിനു പുറമെ, വിവിധ തരത്തിലുള്ള രാസലഹരികളുടെ നിർമാണവും ബെംഗളൂരു കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.

ഡേവി‍ഡ് മലാവേ എന്ന, ഉഗാണ്ടൻ, മൊസാംബിക് പാസ്പോർട്ട് കൈവശമുണ്ടായിരുന്ന ആളെ 2021 ല്‍ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു. എംഡിഎംഎ നിർമാണമായിരുന്നു ഇലക്ട്രോണിക് സിറ്റിയിലെ ഇയാളുടെ മുറിയിൽ സജ്ജീകരിച്ചിരുന്ന ലാബിൽ നടന്നിരുന്നത്. ഇത് ഇയാളും കൂട്ടാളികളും വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇതിനു സമാനമായ രീതിയിൽ കൊച്ചിയിലും രാസലഹരി സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നവർ ഉണ്ടെന്ന വിവരം അധികൃതരുടെ പക്കലുണ്ട്.
മറ്റൊരു മാർഗം കുറിയർ വഴിയും മറ്റു മാര്‍ഗങ്ങൾ ഉപയോഗിച്ചും ഓസ്ട്രേലിയ, ന്യൂസീലൻഡ്, യൂറോപ്യൻ രാജ്യങ്ങൾ, യുഎസ് എന്നിവിടങ്ങളിലേക്കു ലഹരിമരുന്ന് എത്തിക്കുകയാണ്. കൊച്ചിയിലും കടൽ മാർഗം ഇന്ത്യയുടെ മറ്റു പടിഞ്ഞാറന്‍ തീരങ്ങളിലും എത്തുന്ന ലഹരിമരുന്ന് ഇങ്ങനെ വിവിധ വഴികളിലൂടെ മറ്റു രാജ്യങ്ങളിലെ ആവശ്യക്കാരിലെത്തും.

കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ ആഫ്രിക്കൻ, തെക്കേ അമേരിക്കൻ വംശജരായ കടത്തുകാർ വഴി കോടികളുടെ ലഹരി മരുന്ന് കൊച്ചി വഴി കടന്നു പോയിട്ടുണ്ടെന്നാണു വിവരം. അതിൽ ചെറിയൊരംശം മാത്രമാണു പിടിയിലായത്. 2014ൽ 50 കോടിയുടെ ലഹരി മരുന്നുമായി ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ എന്നിവിടങ്ങളിൽനിന്നുള്ള 2 പേർ അറസ്റ്റിലായി. 2016ൽ ജൂഡി മിഷേൽ അറസ്റ്റിലായി. ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളുടെ വ്യാജ തിരിച്ചറിയിൽ കാർഡ് ആയിരുന്നു ഇയാള്‍ക്ക് ഉണ്ടായിരുന്നത്. 2017ൽ ഇത്യോപ്യൻ സ്വദേശി വലിയ തോതിൽ ലഹരിമരുന്നുമായി പിടിയിലായി. 2017ൽ തന്നെ വെനസ്വേല സ്വദേശിയെ ഒരു കിലോ രാസലഹരിയുമായി പിടികൂടി. പാരഗ്വായ് സ്വദേശിയിൽനിന്ന് അതേവർഷം പിടികൂടിയത് 10 കോടിയുടെ ലഹരി മരുന്ന്.

2018 ആദ്യം ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിലായത് 25 കോടിയുടെ രാസലഹരിയുമായി. അതേവർഷം തന്നെ 4 കോടിയുടെ ഹഷീഷുമായി മാലദ്വീപ് സ്വദേശികൾ അറസ്റ്റിലായി. 2021ൽ 28 കോടിയുടെ രാസലഹരിയുമായി സൻസിബാർ, സിംബാബ്‍വെ സ്വദേശികൾ അറസ്റ്റിലായി, അതേവർഷം ഐവറികോസ്റ്റ് സ്വദേശികളെ 5.5 കോടി രൂപയുടെ രാസലഹരിയുമായി അറസ്റ്റു ചെയ്തു. 2022ൽ ആഫ്രിക്കൻ ലഹരിക്കടത്തിലെ പ്രധാനകളിലാരാളായ നൈജീരിയക്കാരനെ പാലാരിവട്ടം പൊലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തു. 2022ൽ 100 കോടി രൂപയുടെ രാസലഹരിയുമായി ഘാന സ്വദേശിക്കൊപ്പം അറസ്റ്റിലായത് കോട്ടയം സ്വദേശി ബിനു ജോൺ.

കടൽ വഴിയാണ് കൊച്ചിയടക്കം രാജ്യത്തിന്റെ തീരദേശ പട്ടണങ്ങളിലേക്ക് ഏറ്റവുമധികം രാസലഹരി എത്തുന്നത്. ഇവിടെനിന്നു വൻ പട്ടണങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും പോകുന്നു. 2023 മേയ് മാസത്തിൽ 25,000 കോടി രൂപയുടെ 2525 കിലോ മെത്താംഫിറ്റമിൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് കൊച്ചിയുടെ പുറംകടലിൽ നിന്നായിരുന്നു. ഇറാൻ–അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ലഹരി ഇത്തരത്തിൽ ഇന്ത്യയിലെത്തുകയും ശേഷം അതിന്റെ പുനര്‍വിതരണം നടക്കുകയും ചെയ്യുന്ന ഒട്ടേറെ കേസുകൾ അടുത്ത കാലങ്ങളിൽ നടന്നിട്ടുണ്ട്. ഇവിടെനിന്നുള്ള രാസലഹരി അരുണാചൽ പ്രദേശ്, ബംഗ്ലദേശ്, നേപ്പാൾ അതിർത്തി കടന്നും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. റോഡ് മാർഗവും ട്രെയിൻ മാര്‍ഗവുമാണ് ഇത് രാജ്യത്തെ വിവിധ പട്ടണങ്ങളിലെത്തുന്നത്.

രാജ്യാന്തര ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഇപ്പോൾ കൊച്ചി എന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നുത്. കോവിഡിനു ശേഷം കൊച്ചി അടക്കം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ലഹരിമരുന്ന് ഉപയോഗത്തിൽ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാൽ കൊച്ചിയിലേക്ക് എത്തുന്ന ലഹരി മരുന്നിൽ ഭൂരിഭാഗവും മറ്റു നാടുകളിലേക്കാണു പോകുന്നത്. ഇവിടുത്ത ഉപഭോക്താക്കൾക്കായും നല്ല അളവിൽ രാസലഹരിയും മറ്റും എത്തുന്നുണ്ട്. ബെംഗളുരുവിൽ കുറച്ചുകാലം മുമ്പ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർ തുടക്കമിട്ട ലഹരിമരുന്ന് ‘കുക്കിങ്ങും’ കോവിഡ് കാലത്തിനു ശേഷം കൊച്ചിയിൽ നടക്കുന്നുണ്ട് എന്നാണ് നർകോട്ടിക്സ് വൃത്തങ്ങൾ പറയുന്നത്. ആവശ്യക്കാർ സ്വന്തമായി ഉണ്ടാക്കി എടുക്കുകയോ ചെറിയ സംഘങ്ങള്‍ക്കായി ഉണ്ടാക്കി നൽകുകയോ െചയ്യുന്നതാണ് ഇത്.

ഡൽഹി, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയതും കടത്തുകാർ കൊച്ചി പ്രധാന കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുക്കാനുള്ള കാരണമായി. കേരളത്തിലെ തിരക്കുള്ള വിമാനത്താവളമെന്നതും കൊച്ചിക്കുള്ള പ്രാധാന്യം കൂട്ടുന്നു. കൊച്ചിയിലെത്തിക്കുന്ന എംഡിഎംഎ, മെത്താംഫിറ്റമിൻ തുടങ്ങിയ രാസലഹരികൾ ഇവിടെനിന്ന് കാരിയർമാർ മുംബൈ, ഡൽഹി, ബെംഗളുരു എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നു. ഇതാണ് പിന്നീട് ഗോവ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നത്.