റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി സ്മൃതി മന്ദാന;ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ചുറി

Spread the love

ദില്ലി: കോലിയും സെവാഗും പിന്നിലാക്കി സ്മൃതി മന്ദാന.ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 50 പന്തില്‍ സെഞ്ചുറി തികച്ച ഇന്ത്യയുടെ സ്മൃതി മന്ദാന കുറിച്ചത് അപൂര്‍വ റെക്കോര്‍ഡ്. പുരുഷ-വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് മന്ദാന ഇന്ന് സ്വന്തം പേരിലാക്കിയത്.

പുരുഷ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറി വിരാട് കോലിയുടെ പേരിലായിരുന്നു. 2013ല്‍ ജയ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയാണ് കോലി ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇന്ന് 50 പന്തില്‍ സെഞ്ചുറി തികച്ചതോടെ കോലിയെയും മന്ദാന പിന്നിലാക്കി. 2009ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വീരേന്ദര്‍ സെവാഗ് 60 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു പുരുഷ ക്രിക്കറ്റില ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ വേഗമേറിയ ഏകദിന സെഞ്ചുറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്ട്രേലിയക്കെതിരെ 2013ല്‍ വിരാട് കോലി 61 പന്തിലും ന്യൂസിലന്‍ഡിനെതിരെ മുഹമ്മദ് അസറുദ്ദീന്‍ 1988ല്‍ 62 പന്തിലും നെതര്‍ലന്‍ഡ്സിനെതിരെ കെ എല്‍ രാഹുല്‍ 2023ല്‍ 62 പന്തിലും ഏകദിന സെഞ്ചുറിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മന്ദാന ഇന്ന് പുറത്തെടുത്തത്.

സ്മൃതിയുടെ തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയും ഈ വര്‍ഷത്തെ നാലാം സെഞ്ചുറിയുമാണിത്. ഇതോടെ തുടര്‍ച്ചയായി രണ്ട് വര്‍ഷം നാലു ഏകദിന സെഞ്ചുറികള്‍ വീതം നേടുന്ന ആദ്യ താരമായി സ്മൃതി മാറി.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവം കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ ടാമി ബ്യൂമോണ്ടിനെ മറികടന്ന് സ്മൃതി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സ്മൃതിയുടെ കരിയറിലെ പതിമൂന്നാം സെഞ്ചുറിയാണിത്. 13 സെഞ്ചുറി നേടിയിട്ടുള്ള സൂസി ബേറ്റ്സുും സ്മൃതിക്കൊപ്പമുണ്ട്. 15 സെഞ്ചുറി നേടിയിട്ടുള്ള മെഗ് ലാനിംഗ് ആണ് ഒന്നാമത്.