
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ദാമ്പത്യത്തിലെ ബലാല്‍സംഗത്തെ ചൊല്ലി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി സി.പി.ഐ രാജ്യസഭാ നേതാവ് ബിനോയ് വിശ്വവുമായി രാജ്യസഭയില്‍ വീണ്ടും ഉടക്കി.
ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച സ്മൃതി ഇറാനി ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകരമാക്കരുതെന്ന് മുൻപ് സഭയില്‍ പ്രഖ്യാപിച്ച നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ കൊണ്ട് അത് വീണ്ടും പറയിപ്പിക്കാന്‍ ബിനോയ് വിശ്വം ചോദിച്ച് പ്രകോപിപ്പിക്കുകയാണെന്നും സ്മൃതി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 375 പ്രകാരമുള്ള ബലാത്സംഗത്തിന്‍റെ നിര്‍വചനത്തില്‍ ദാമ്പത്യത്തിലെ ബലാല്‍സംഗം ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്തതായിരുന്നു ആദ്യത്തെ പ്രകോപനം.
എന്നാല്‍ അതേ വ്യവസ്ഥ പ്രകാരം 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ സ്വന്തം ഭാര്യയാണെങ്കില്‍ ബലാത്സംഗത്തിന് ശിക്ഷാര്‍ഹരല്ലാതെ പോകുന്നത് പോക്സോ നിയമത്തിന്‍റെ ചൈതന്യത്തിന് നിരക്കാത്ത വിഷയമാണ് ബിനോയ് വിശ്വം ബുധനാഴ്ച ഉന്നയിച്ചത്.
ബിനോയ് ഉദ്ദേശിച്ചത് ദാമ്പത്യത്തിലെ ബലാത്സംഗം തന്നെയാണെന്ന് മനസിലാക്കിയ സ്മൃതി ഇറാനി ശൈശവ വിവാഹം തടയാന്‍ സമൂഹം സര്‍ക്കാരുമായി ചേര്‍ന്ന് യോജിച്ച നടത്തുന്ന നീക്കങ്ങള്‍ പറയുമ്പോള്‍ ദാമ്പത്യത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് വല്ലതും പുറത്തുകൊണ്ടുവരാന്‍ പ്രകോപിപ്പിക്കുകയാണ് അംഗം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി.
ഇതിന് മുൻപ് ഒരിക്കല്‍ ഇതേ സഭയില്‍ താനെന്‍റെ നിലപാട് ശക്തമായി പറഞ്ഞതാണെന്നും അതേ നിലപാടില്‍ തന്നെയാണ് താന്‍ നില്‍ക്കുന്നതെന്നും പറഞ്ഞാണ് സ്മൃതി മറുപടി അവസാനിപ്പിച്ചത്.