play-sharp-fill
സർക്കാർ ഐടി പാർക്കുകളിൽ അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാർട്ട്‌സിറ്റി കൊച്ചിയിൽ ബാധകമല്ലെന്ന ഉത്തരവ് തങ്ങളുടെ നിലപാട് സാധൂകരിക്കുന്നത് : സ്മാർട്ട്‌സിറ്റി കൊച്ചി

സർക്കാർ ഐടി പാർക്കുകളിൽ അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാർട്ട്‌സിറ്റി കൊച്ചിയിൽ ബാധകമല്ലെന്ന ഉത്തരവ് തങ്ങളുടെ നിലപാട് സാധൂകരിക്കുന്നത് : സ്മാർട്ട്‌സിറ്റി കൊച്ചി

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്മാർട്ട്‌സിറ്റി കൊച്ചി സർക്കാർ ഐടി പാർക്കല്ലെന്നും സർക്കാർ ഐടി പാർക്കുകളിലെ ഐടി കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാർട്ട്‌സിറ്റി കൊച്ചിക്ക് ബാധകമല്ലെന്നും ഒക്ടോബർ 6ാം തീയതിയിലെ (G.O.(Rt)No.124/2020/ITD) സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സ്മാർട്ട്‌സിറ്റി സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് പ്രസ്തുത ഉത്തരവെന്ന് സ്മാർട്ട്‌സിറ്റി കൊച്ചി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്മാർട്ട്‌സിറ്റിയിലെ വാടക കുടിശ്ശിക വരുത്തിയ നാല് കമ്പനികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവെങ്കിലും അത് സ്മാർട്ട്‌സിറ്റിയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ബാധകമാണെന്ന് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാണ്. വിവിധ ഐടി കമ്പനികൾ പ്രവർത്തിക്കുന്ന സ്മാർട്ട്‌സിറ്റിയിലെ കെട്ടിടം സർക്കാർ ഐടി പാർക്കുകളുടെ ഉടമസ്ഥതയിലുള്ളതല്ല. തിരുവനന്തപുരത്തെ ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നിവയാണ് സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ വരുന്നവ. ഈ ഐടി പാർക്കുകളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതും വികസിപ്പിച്ചതും സർക്കാരാണെങ്കിലും ഇവിടങ്ങളിലുള്ള സ്വകാര്യ ബിൽഡർമാരുടെ കെട്ടിടങ്ങളിൽ പോലും വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഏപ്രിൽ 27ലെ ഉത്തരവ് ബാധകമല്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാദൃശ്ചികമായി ഒക്ടോബർ 6ന് തന്നെ സ്മാർട്ട്‌സിറ്റിയിലെ മറ്റ് 7 കമ്പനികൾ വാടകയിളവ് ആവശ്യപ്പെട്ട് സമർപ്പിച്ച സമാനമായ ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം പരിഗണിക്കാൻ സർക്കാരിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കേണ്ടിയതാണെങ്കിലും നേരത്തെ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയ കാരണങ്ങൾ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 6ന് ഇറക്കിയ സർക്കാർ ഉത്തരവ് ഇവിടുത്തെ എല്ലാ ഐടി കമ്പനികൾക്കും ബാധകമാകുമെന്ന് തന്നെയാണ് സ്മാർട്ട്‌സിറ്റി കൊച്ചിയുടെ വിലയിരുത്തൽ. സർക്കാർ ഐടി പാർക്കുകളിൽ വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള ഏപ്രിൽ മാസത്തെ ഉത്തരവിൽ അവിടെയുള്ള കെട്ടിടങ്ങൾക്ക് മെയിന്റനൻസ് കുടിശ്ശികയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നില്ല. 2020 സെ്ര്രപംബർ വരെ വാടക കുടിശ്ശിക നൽകാൻ സ്മാർട്ട്‌സിറ്റി സാവകാശം നൽകിയിട്ടും അത് നിരാകരിച്ചുകൊണ്ട് വാടകയും മെയിന്റനൻസ് ചാർജും നൽകേണ്ടതില്ലെന്ന ചില കമ്പനികളുടെ ഏകപക്ഷീയ തീരുമാനം തികച്ചും ദൗർഭാഗ്യകരമാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥയെയും കോടതികളെയും ബഹുമാനിക്കുകയും സ്വന്തം സാമ്പത്തിക സ്രോതസ്സിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രൈവറ്റ് കമ്പനി എന്ന നിലയ്ക്ക് സ്മാർട്ട്‌സിറ്റി കൊച്ചിക്കും ഇളവോ സാവകാശമോ ഇല്ലാത്ത സാമ്പത്തികവും കരാർ സംബന്ധിയായതുമായ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്.

ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും സ്മാർട്ട്‌സിറ്റി കൊച്ചി ലഭ്യമാക്കുമ്പോൾ വാടക, മെയിന്റനൻസ് ചാർജ് തുടങ്ങിയ ബാധ്യതകൾ കൃത്യസമയത്ത് അടച്ച് കമ്പനികൾ കരാർ പ്രകാരമുള്ള തങ്ങളുടെ ബാധ്യത തിരിച്ചും നിറവേറ്റേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം വാടകയും മറ്റും നൽകുന്നതിന് സാവകാശം ആവശ്യപ്പെട്ട ചില കമ്പനികൾക്ക് നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അത് അനുവദിച്ചിട്ടുമുണ്ട്. സ്മാർട്ട്‌സിറ്റി കൊച്ചിയുമായി ഐടി കമ്പനികൾ വാടക ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്നത് രണ്ട് സ്വകാര്യ സ്ഥാപനങ്ങളെന്ന നിലയ്ക്കാണ്. അതിൽ അവരുടെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും സ്മാർട്ട്‌സിറ്റി കൊച്ചി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags :