യമനിലെ പൊള്ളുന്ന അല്ലലിൽ നിന്ന് കൊഴഞ്ചേരിയിലെ സ്നേഹത്തണലിലേക്ക്..! ഏക മകന്റെ ചികിത്സയ്ക്കെത്തിയ യമനി കുടുംബത്തെ ചേർത്ത് പിടിച്ച് ശ്രീജയും ഉല്ലാസും; എസ്.എം.എ ബാധിതനായ കുഞ്ഞു ഹാഷിമിന് എല്ലാ മാനുഷിക പരിഗണനയും നൽകുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ
സ്വന്തം ലേഖകൻ
പത്തനംതിട്ട: യമനിൽനിന്ന് കേരളത്തിലെത്തി മലയാളി കുടുംബത്തിന്റെ തണലിൽ കഴിയുന്ന എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതനായ മൂന്നേകാൽ വയസ്സുള്ള ഹാഷിം യാസിൻ അഹമ്മദിന്റെ ചികിത്സക്കായി എല്ലാ മാനുഷിക പരിഗണനയും നൽകുമെന്ന് ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
കുട്ടിക്ക് ചികിത്സ സഹായം തേടി സമീപിച്ച മാതാപിതാക്കളായ യാസിൻ അഹമ്മദ് അലിയെയും തൂണിസ് അബ്ദുല്ലയെയും കലക്ടർ ആശ്വസിപ്പിച്ചു. ഹാഷിമിന്റെ ചികിത്സക്കായി മുൻകൈയെടുക്കുന്ന കോഴഞ്ചേരി സ്വദേശി ശ്രീജയും ഭർത്താവ് ഉല്ലാസും ഒപ്പമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുദ്ധത്തിൽ തകർന്ന മറ്റൊരു രാജ്യത്തുനിന്ന് അഭയം തേടിയെത്തിയ കുടുംബം തങ്ങളുടെ ഏകമകന്റെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രിക്കുള്ള അപേക്ഷയും കലക്ടറെ ഏൽപിച്ചു.
യമൻ കുടുംബത്തിനുവേണ്ടി ശ്രീജ ഒപ്പിട്ട് കൈമാറിയ നിവേദനം മുഖ്യമന്ത്രിയുടെ ഓഫിസിന് അയച്ചതായി കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് കുടുംബം കുഞ്ഞുമൊത്ത് കലക്ടറേറ്റിൽ എത്തിയത്.
അരമണിക്കൂറോളം ഇവർ കലക്ടറുടെ ചേംബറിൽ ചെലവഴിച്ചു. കുഞ്ഞുഹാഷിമിനെ എടുത്ത് വിശേഷങ്ങൾ ചോദിച്ച് മധുരവും കൈമാറിയാണ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ യാത്രയാക്കിയത്.