
സ്ലിപ് പദ്ധതിയുമായി വനം വകുപ്പ് എത്തുന്നു; ലക്ഷ്യം അക്രമങ്ങളും കാട്ടുതീയും തടയൽ;വൈകുന്നേരം 6 മുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം;പദ്ധതി മറയൂര്‍ -ചിന്നാർ വനമേഖലയിൽ
സ്വന്തം ലേഖകൻ
ഇടുക്കി: അക്രമങ്ങളും കാട്ടുതീയും തടയാൻ പുതിയ പദ്ധതിയുമായി വനംവകുപ്പ്.വനത്തിനുള്ളിലെ ആക്രമങ്ങള്‍ തടയുന്നതിനും കാട്ടുതീ തടയുന്നതിനും മറയൂര്‍ -ചിന്നാർ വനമേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് സ്ലിപ് പദ്ധതി ഏർപ്പെടുത്തുന്നത്.
വനത്തിലൂടെ 40 മിനിറ്റിനുളളില്‍ സഞ്ചരിച്ച് ചെക്ക് പോസ്റ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുക.
മറയൂർ വനമേഖലയിൽ സഞ്ചാരികള്‍ക്ക് വന്യമൃഗ ആക്രമണം നേരിടേണ്ടിവരുന്നത് വഴിയോരങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നത് മൂലമാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ നിരവധി മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്, മാലിന്യങ്ങള്‍ വിലിച്ചെറിയുന്നത് ഒഴിവാക്കണം, എലിഫെന്റ് ക്രോസിംങ്ങ് മേഖല, തുടങ്ങിയ ബോര്‍ഡുകള്‍ വനപാലകര്‍ സ്ഥാപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വിനോദസഞ്ചാരികള്‍ പാലിക്കുന്നില്ല.ആനകള്‍ കൂട്ടമായി എത്തുന്ന ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നു. മാത്രമല്ല വനത്തിനുള്ളില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനും കാട്ടുതീ പടരുന്നതിനും ഇത് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ ലാല്‍ സ്ലിപ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാനപാത കടന്നുപോകുന്ന ഭാഗത്താണ് ചിന്നാര്‍ വന്യജീവി സങ്കേതം. മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ സഞ്ചരിച്ച് മറയൂരിലെത്തി അവിടെ നിന്നും 17 കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ തമിഴ്‌നാട്ടില്‍ എത്തിപ്പെടാന്‍ കഴിയുകയുള്ളു. ആന, കാട്ടുപോത്ത്, മയില്‍, മ്ലാവ്, കേഴയാട് തുടങ്ങിയ നിരവധി വന്യമ്യഗങ്ങള്‍ കൂട്ടത്തോടെ കാണപ്പെടുന്ന തന്ത്രപ്രധാനമായ ഇടമാണ് 17 കിലോമീറ്റര്‍ ഉള്‍പ്പെടുന്ന ചിന്നാര്‍ വന്യജീവി സങ്കേതം.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ വേഗത കുറച്ച് വേണം സഞ്ചരിക്കാന്‍. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് വനംവകുപ്പ് പേപ്പറില്‍ തയ്യറാക്കിയ സ്ലിപ്പുകള്‍ വിതരണം നടത്തും. ഇത് നല്‍കുന്നത് മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കരിമുട്ടി ചെക്ക് പോസ്റ്റില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നാണ്.
ഇതില്‍ വാഹനത്തിന്റെ നമ്പര്‍, യാത്രക്കാരുടെ എണ്ണം, ചെക്ക്‌പോസ്റ്റില്‍ വാഹനം എത്തിയ സമയം, വനത്തിനുള്ളിലൂടെ കടന്നുപോകുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്നിവ കാണിച്ചിരിക്കും. വാഹനങ്ങള്‍ 40 മിനിറ്റിനുള്ളില്‍ വനമേഖല കടന്നിരിക്കണം. അല്ലെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുകയുള്ളു. വൈകുന്നേരം 6 മുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം.