ഉറങ്ങുമ്പോള്‍ കാൽ എപ്പോഴും പുതപ്പിന് പുറത്താണോ? എങ്കിൽ ഇതാ കാരണമറിയാം…!

Spread the love

കോട്ടയം: നല്ലൊരു ഉറക്കത്തിനായി നമ്മള്‍ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്.

video
play-sharp-fill

തലവഴി പുതപ്പുമൂടിയാല്‍ മാത്രം ഉറക്കം വരുന്നവർ, ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നാല്‍ മാത്രം ഉറങ്ങുന്നവർ, എത്ര ചൂടാണെങ്കിലും കാലിലെങ്കിലും പുതപ്പിട്ടാലേ ഉറങ്ങാനാകൂ എന്നുള്ളവർ അങ്ങനെയങ്ങനെ പല ശീലങ്ങളുമുള്ളവരുണ്ട്.

അതിലൊന്നാണ് ഉറങ്ങുമ്പോള്‍ ശരീരമാകെ പുതപ്പുകൊണ്ട് മൂടിയാലും ഒരു കാല്‍ മാത്രം വെളിയില്‍ വെക്കുക എന്നത്. ഇത് കേവലം ഒരു ശീലം മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതിന് പിന്നില്‍ രസകരമായ ചില ശാസ്ത്രീയ കാരണങ്ങളും ആരോഗ്യപരമായ വശങ്ങളുമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമായും പത്തോളം കാരണങ്ങളാണ് ഈ ശീലത്തിന് പിന്നിലുള്ളത്. ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ ശരീരം ഉറക്കത്തിലേക്ക് കടക്കുമ്പോള്‍ സ്വാഭാവികമായും ശരീര താപനില അല്പം താഴേണ്ടതുണ്ട്. പാദങ്ങളിലെ രക്തക്കുഴലുകള്‍ക്ക് ശരീരത്തിലെ അമിത താപം പുറന്തള്ളാനുള്ള പ്രത്യേക കഴിവുണ്ട്. ഒരു കാല്‍ പുതപ്പിന് പുറത്ത് വെക്കുമ്പോള്‍ ശരീരത്തിലെ ചൂട് വേഗത്തില്‍ പുറത്തേക്ക് പോവുകയും ശരീരം തണുക്കുകയും ചെയ്യുന്നു. ഇത് ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ, കാലിലെ രോമമില്ലാത്ത ചർമം താപനില പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

മാനസികമായ ആശ്വാസവും ഈ ശീലത്തിന് പിന്നിലുണ്ട്. പൂർണമായും പുതപ്പിനുള്ളില്‍ ഇരിക്കുന്നത് ചിലരില്‍ വീർപ്പുമുട്ടലോ അല്ലെങ്കില്‍ ശ്വാസംമുട്ടലോ പോലുള്ള അസ്വസ്ഥതകളുണ്ടാക്കാറുണ്ട്. ഒരു കാല്‍ മാത്രം പുതപ്പിന് വെളിയില്‍ വെക്കുന്നത് വഴി ശാരീരികമായ സ്വാതന്ത്ര്യം അനുഭവപ്പെടുത്തുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. ‘റെസ്റ്റ്ലെസ്സ് ലെഗ് സിൻഡ്രോം’ (Restless Leg Syndrome) പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവർക്കും ഇത്തരത്തില്‍ കാല്‍ പുറത്ത് വെക്കുന്നത് ആശ്വാസം നല്‍കാറുണ്ട്. പേശികളിലെ വലിവും അസ്വസ്ഥതയും കുറയ്ക്കാൻ ഈ ചെറിയ മാറ്റം സഹായിക്കും.

കുട്ടിക്കാലം മുതലേയുള്ള ശീലങ്ങള്‍, പങ്കാളിയുമായി കിടക്ക പങ്കിടുമ്പോള്‍ ഉണ്ടാകുന്ന സ്ഥലപരിമിതി, അല്ലെങ്കില്‍ വെറുമൊരു മാനസിക സംതൃപ്തി എന്നിവയും ഈ ശീലത്തിന് കാരണമാകാം. ചിലർക്ക് ഇത് ഒരു ‘സ്ലീപ്പ് സിഗ്‌നല്‍’ പോലെയാണ് പ്രവർത്തിക്കുന്നത്.

അതായത് കാല്‍ പുറത്ത് വെക്കുമ്പോള്‍ ശരീരം ഉറങ്ങാനുള്ള സമയമായെന്ന് സ്വയം തിരിച്ചറിയുന്നു. മെലാറ്റോണിൻ എന്ന ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ശരീരതാപനിലയിലെ ഈ കുറവ് സഹായിക്കുന്നു.

ചുരുക്കത്തില്‍, രാത്രിയില്‍ പുതപ്പിന് പുറത്ത് ഒരു കാല്‍ വെച്ച്‌ ഉറങ്ങുന്നത് കേവലമൊരു ശീലമല്ല, മറിച്ച്‌ നമ്മുടെ ശരീരം നല്ലൊരു വിശ്രമത്തിനായി കണ്ടെത്തുന്ന ലളിതമായൊരു വിദ്യയാണ്. മികച്ച ഉറക്കം ഉറപ്പാക്കാനും ശരീരത്തെ തണുപ്പിക്കാനും ഈ ശീലം സഹായിക്കുന്നുണ്ടെങ്കില്‍ അത് തുടരുന്നതില്‍ തെറ്റില്ല. എങ്കിലും, ഉറക്കമില്ലായ്മയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ നിരന്തരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.