നിസ്സാരമായി കാണേണ്ട കൂര്‍ക്കംവലി; കാരണമറിഞ്ഞ് പരിഹരിക്കാം

Spread the love

കൂർക്കംവലി എന്നത് സുഖകരമായ ഉറക്കത്തിന്റെ ലക്ഷണമല്ല , മറിച്ച് ശരീരം നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് തിരിച്ചറിയുക. ശ്വസനപ്രക്രിയയിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ വായയിലെയും തൊണ്ടയിലെയും കോശങ്ങൾ വിറയ്ക്കുന്നതാണ് കൂർക്കംവലിയായി കേൾക്കുന്നത്.

video
play-sharp-fill

കേവലം അലോസരമുണ്ടാക്കുന്ന അവസ്ഥയെന്നോർത്ത് തള്ളിക്കളയാതെ, കൃത്യസമയത്ത് പ്രതിവിധികൾ തേടിയില്ലെങ്കിൽ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിലേക്ക് ഇത് നമ്മെ നയിച്ചേക്കാം.

കൂർക്കംവലിയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് അമിതഭാരമാണ്. കഴുത്തിന് ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശ്വാസനാളത്തിന്റെ വിസ്തൃതി കുറയ്ക്കുന്നു. ഇത് ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന ‘സ്ലീപ്പ് അപ്നിയ’ (Sleep Apnea) പോലുള്ള അവസ്ഥകളിലേക്ക് നയിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരഭാരം അല്പമൊന്നു കുറയ്ക്കുന്നതിലൂടെ തന്നെ കൂർക്കംവലിയുടെ തീവ്രത വലിയൊരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. കൂടാതെ, മലർന്നു കിടന്നുറങ്ങുന്ന ശീലം നാവു പിന്നിലേക്ക് തള്ളാനും ശ്വാസനാളം ഭാഗികമായി അടയാനും കാരണമാകുന്നു. ഇതിനു പകരമായി വശം ചരിഞ്ഞു കിടന്നുറങ്ങുന്നത് ശ്വാസോച്ഛ്വാസം സുഗമമാക്കാൻ സഹായിക്കും.

നമ്മുടെ ജീവിതശൈലിയിലെ ചില മാറ്റങ്ങളും ഈ പ്രശ്ന പരിഹാരത്തിന് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് മൂന്ന്-നാല് മണിക്കൂർ മുമ്പെങ്കിലും മദ്യപാനവും പുകവലിയും ഒഴിവാക്കുന്നത് തൊണ്ടയിലെ പേശികൾ അമിതമായി അയയുന്നത് തടയും.

അതുപോലെ തന്നെ, ഉറക്കത്തിന് കൃത്യമായ ഒരു സമയം നിശ്ചയിക്കുന്നത് പേശികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മൂക്കിലെ തടസ്സങ്ങൾ, അലർജി എന്നിവയുള്ളവർ അത് പരിഹരിക്കാൻ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്.

ശരീരത്തിൽ ജലാംശം കുറയുന്നതും മൂക്കിലെയും തൊണ്ടയിലെയും ശ്ലേഷ്മം കട്ടിയാകാനും അതുവഴി കൂർക്കംവലി വർധിപ്പിക്കാനും ഇടയാക്കും. അതിനാൽ പകൽ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.

തൊണ്ടയിലെ പേശികൾക്ക് കരുത്ത് പകരുന്ന ലളിതമായ വ്യായാമങ്ങൾ, പാട്ടുപാടുക തുടങ്ങിയവ കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കിടപ്പുമുറിയിലെ പൊടിയും പുകയും ഒഴിവാക്കി വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതും ഗുണകരമാണ്.

എന്നാൽ, രാത്രിയിൽ പെട്ടെന്ന് ശ്വാസം മുട്ടി ഉണരുകയോ, രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദന അനുഭവപ്പെടുകയോ, പകൽ സമയത്ത് അമിതമായ ഉറക്കം തോന്നുകയോ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ‘സ്ലീപ്പ് സ്റ്റഡി’ പോലുള്ള പരിശോധനകളിലൂടെ ഇതിന്റെ യഥാർഥ കാരണം കണ്ടെത്താൻ സാധിക്കും.