ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; രാജ്യത്തെ ആദ്യ സ്ലീപ്പർവന്ദേഭാരത്; കോച്ചുകൾ പുറത്തിറക്കി, ദീപാവലിക്ക് സർവീസ് തുടങ്ങിയേക്കും

Spread the love

കോഴിക്കോട്: സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ നിർമാണഘട്ടത്തിന്റെ പൂർണതയിലേക്ക്. ചെന്നൈയിലും റായ്ബറേലിയിലുമുള്ള കോച്ച് ഫാക്ടറികളിലാണിവ നിർമിക്കുന്നത്. പുതിയ കോച്ചുകളുടെ ചിത്രവും വിവരണവും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ പങ്കുവെച്ചു. കോച്ചുകളുടെ പരീക്ഷണഓട്ടവും സാധ്യതാപരിശോധനയും നടന്നുകഴിഞ്ഞു.

ദീപാവലിയോടെ ഡൽഹി-പട്‌ന റൂട്ടിൽ രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേഭാരത് ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നിർമാണത്തിലുള്ളവ ഉൾപ്പെടെ ഇപ്പോൾ രാജ്യത്ത് 136 ചെയർകാർ വന്ദേഭാരതുകളാണുള്ളത്. ആഡംബരം, സൗകര്യം, സുരക്ഷ, ആധുനികത എന്നിവയ്ക്ക് പ്രാധാന്യംനൽകിയാണ് പുതിയ സ്ലീപ്പർ കോച്ചുകൾ നിർമിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ മാത്രമേയുള്ളൂ. പകൽസമയ യാത്രയ്ക്ക് മാത്രമായി ചെയർകാർ വന്ദേഭാരതിനെ പരിമിതിപ്പെടുത്താനും ആലോചനയുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സ്ലീപ്പർ വന്ദേഭാരതുകളുടെ പരീക്ഷണ ഓട്ടം ആദ്യം നടന്നത്.

കേരളത്തിൽ മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അടുത്തവർഷത്തേക്ക് സ്ലീപ്പർ വന്ദേഭാരത് അനുവദിക്കാൻ സാധ്യതയുണ്ട്. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിവരുന്നു.

ബെംഗളൂരു-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളിലായി മൂന്ന് വന്ദേഭാരത് സ്ലീപ്പർ എക്‌സ്‌പ്രസുകൾ അനുവദിക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവിന് എം.കെ. രാഘവൻ എംപി നിവേദനം നൽകിയിരുന്നു.

ഈ ആവശ്യമുന്നയിച്ച് അടുത്തിടെ അദ്ദേഹം മന്ത്രിയെ കണ്ടപ്പോൾ മംഗളൂരു-തിരവനന്തപുരം റൂട്ടിൽ അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.