
12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരിൽ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ; വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും കുട്ടികളിൽ രക്തസമ്മർദ്ദത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം
സ്വന്തം ലേഖകൻ
വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ആഗോളതലത്തില്‍ കൗമാരക്കാരിലും കുട്ടികളിലും രക്തസമ്മർദ്ദം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത് 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരിൽ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ്.
ഭക്ഷണക്രമത്തിൽ മാറ്റവരുത്തുന്നതും ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമാണ് മികച്ച നോൺ-ഫാർമക്കോളജിക്കൽ ഇടപെടലുകളായി ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാൽ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലിനിക്കൽ പഠനം നടത്തിയത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഉറങ്ങുമ്പോള്‍ ഓരോ 30 മിനിറ്റിലുമുള്ള ഇവരുടെ രക്തസമ്മർദ്ദത്തിലുള്ള മാറ്റങ്ങൾ ഗവേഷകർ നിരീക്ഷിച്ചു. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ട്.
ഉറക്കത്തിൻ്റെ ഓരോ അധിക മണിക്കൂറും രാവിലെ രക്തസമ്മർദ്ദം വർധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു. ഉറക്കമില്ലായ്മ പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദ്ദം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.