ആലപ്പുഴയിൽ ബസ് ജീവനക്കാരനെ തല്ലി കൈയൊടിച്ചു ബസ് ഉടമകള്‍ ; ടിക്കറ്റ് കൊടുക്കുന്ന റാക്ക് ഉപയോഗിച്ച് മർദിച്ചു ; മർദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; ഒടുവില്‍ പൊലീസിന്റെ പിടിയിലുമായി   

Spread the love

സ്വന്തം ലേഖകൻ 

ആലപ്പുഴ: പ്രൈവറ്റ് ബസ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ പിടിയില്‍. ബസുകള്‍ ഓടുന്ന സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. മാവേലിക്കരയിലെ ചാരുംമൂട് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാരന്‍ പാലമേല്‍ പോക്കാട് വടക്കതില്‍ വീട്ടില്‍ അനൂപിനാണ് (25) മര്‍ദനമേറ്റത്. മറ്റൊരു ബസിന്റെ ഉടമകളായ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി റെജിഭവനത്തില്‍ ജിനുരാജ് (43), ചുനക്കര തോട്ടത്തില്‍വിളയില്‍ ശരത് ലാല്‍ (36) എന്നിവരാണ് അനൂപിനെ മര്‍ദിച്ചത്.

ഒക്ടോബര്‍ 14നായിരുന്നു സംഭവം. മർദനത്തെ തുടർന്ന് അനൂപിന്റെ തലയ്ക്ക് പരിക്കേൽക്കുകയും ഇടതു കൈ ഒടിയുകയും ചെയ്തു. ബസിൽ ടിക്കറ്റ് കൊടുക്കുന്ന റാക്ക് ഉപയോഗിച്ചാണ് മർദിച്ചത്. തുടർന്ന് മർദന ദൃശ്യങ്ങൾ പ്രതികൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ അഡ്മിറ്റായ അനൂപിന്റെ പരാതി പ്രകാരം നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം ചാരുംമൂട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഉൾപ്പെട്ട പ്രൈവറ്റ് ബസ്സും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശരത് ലാൽ നൂറനാട് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളും അടൂർ, നൂറനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി അടിപിടി കേസുകളിൽ പ്രതിയുമാണ്. പ്രതിയായ ജിനുരാജിനെതിരെയും പന്തളം, അടൂർ, കൊടുമൺ, ഓച്ചിറ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചാരുംമൂട് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകൾ തമ്മിൽ സമയത്തെചൊല്ലി തർക്കങ്ങൾ ഉണ്ടായി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സി ഐ ശ്രീജിത്ത് പി, എസ് ഐ നിതീഷ്, എ എസ് ഐ രാജേന്ദ്രൻ, എസ് ഐ രാജേഷ് കുമാർ, സി പി ഒ മാരായ സിനു വർഗീസ്, ജയേഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.