
സ്‌കൈ ഡൈനിംഗ് ഇനി കേരളത്തിലും; ഇനി ആകാശത്തിരുന്ന് കടല്‍ക്കാഴ്‌ച കണ്ട് ഭക്ഷണം കഴിക്കാം: വെറും 500 രൂപ
കാസർകോട്: സ്‌കൈ ഡൈനിംഗ് ഇനി കേരളത്തിലും. കൂറ്റൻ യന്ത്രക്കൈയില്‍ ഒരുക്കിയ 142 അടി ഉയരത്തിലുള്ള പ്രത്യേക ഇരിപ്പിടത്തിലിരുന്ന് കടല്‍ അതിരിട്ട ബേക്കലിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ അവസരമൊരുങ്ങി.
ബേക്കല്‍ ബീച്ചിലെത്തുന്ന സന്ദർശകർക്ക് അവിസ്മരണീയമായ ആകാശ വിരുന്നാണ് പാർക്ക് അധികൃതർ ഒരുക്കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌കൈ ഡൈനിംഗ് അവതരിപ്പിച്ചിരിക്കുന്നത്.
തൂങ്ങി കിടക്കുന്ന നിലയിലുള്ള പേടകത്തിന്റെ മുകളില്‍ നിന്നും ബേക്കല്‍ കോട്ടയുടെയും ബീച്ചിന്റെയും പാർക്കിന്റെയും അതിമനോഹരമായ കാഴ്ചയാണ് ഇതിലൂടെ ആസ്വദിക്കാനാകുന്നത്. പ്രത്യേക ക്രെയിൻ വഴിയാണ് ഒരേസമയം 12 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും ചുറ്റുവട്ട കാഴ്ചകള്‍ ആസ്വദിക്കാനുമുള്ള സ്‌കൈ ഡൈനിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് 20 മിനുട്ട് നേരം കോട്ടയുടെയും കടലിന്റെയും സൗന്ദര്യവും സൂര്യാസ്തമയവും ആസ്വദിച്ച ശേഷം താഴേക്ക് മടങ്ങാം. ഭക്ഷണം ആവശ്യമുള്ളവർക്ക് 500 രൂപക്ക് പുറമെ ഭക്ഷണത്തിന്റെ തുകയും നല്‍കണം. ഗാർഡ് അടക്കം രണ്ടു ജീവനക്കാരും പേടകത്തില്‍ ഉണ്ടാകും. ഇവർ സുരക്ഷാ കാര്യങ്ങളും ഭക്ഷണ വിതരണ കാര്യങ്ങളും നോക്കും.
സുരക്ഷ ബെല്‍റ്റ് ഘടിപ്പിച്ച സീറ്റുകളാണ് ഇതിലുള്ളത്. കർണ്ണാടകയില്‍ പനമ്ബൂർ ബീച്ചിലും ബംഗളൂരുവിലും സ്‌കൈ ഡൈനിംഗ് ഉണ്ടെങ്കിലും കേരളത്തില്‍ ഇത് അപരിചിതമാണ്. പ്രാദേശിക വിനോദ സഞ്ചാരികള്‍, വ്യത്യസ്ത അനുഭവങ്ങള്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍, ബോർഡ് യോഗങ്ങള്‍ ചേരാനുള്ള സൗകര്യമെന്ന നിലയില്‍ കോർപ്പറേറ്റ് കമ്ബനികളേയും ആകർഷിക്കുന്നതിനും ഇതിന് പിന്നിലുള്ളവർ ലക്ഷ്യമിടുന്നു. ജന്മദിനങ്ങള്‍ ആഘോഷിക്കാനും സ്‌കൈ ഡൈനിംഗ് സൗകര്യം അവസരമൊരുക്കുന്നു.
ഒരു സീറ്റിന് 500 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നു. എലിവേറ്റഡ് ഡൈനിംഗ് ഓപ്ഷൻ സാഹസികതയും മികച്ച ഡൈനിംഗും സന്ദർശകർക്ക് അസാധാരണ അനുഭവമായിരിക്കും.സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി മഴക്കാലത്ത് ഈ സംവിധാനം ഉണ്ടാകില്ല. വ്യത്യസ്തവും നൂതനവുമായ സ്‌കൈ ഡൈനിംഗ് അനുഭവിക്കാൻ നിരവധി പേരാണ് ബേക്കല്‍ ബീച്ച് പാർക്കിലെത്തുന്നത്.