
ഡല്‍ഹി: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീ സുപ്രീം കോടതിയില്‍.
കേസുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ ജയശ്രീ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
ദേവസ്വം ബോർഡിന്റെ മിനിറ്റ്സില്‍ തിരുത്ത് വരുത്തിയിട്ടില്ലെന്നും, ബോർഡ് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ് ജയശ്രീയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്, മാത്രമല്ല ദ്വാരപാലക ശില്പ പാളികള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നല്‍കിയിട്ടില്ലെന്നും അവർ വിശദീകരിച്ചു.
തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേല്‍നോട്ടത്തിലും പണികള്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. താൻ സ്വീകരിച്ച നടപടികള്‍ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. ജീവിതത്തില്‍ ഒരിക്കല്‍ പോലും താൻ ശബരിമലയില്‍ പോയിട്ടില്ലെന്നും ജയശ്രീയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്നിധാനത്ത് നടന്ന സ്വർണക്കൊള്ളയിലെ നാലാം പ്രതിയാണ് എസ് ജയശ്രീ. ശബരിമലയിലെ സ്വർണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ല്‍ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. മുൻപ് രണ്ട് തവണ ജയശ്രീയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ വാദം. തനിക്ക് സ്വർണക്കവർച്ച കേസില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥ എന്ന നിലയില്‍ തന്റെ ഉന്നത ഉദ്യോഗസ്ഥർ നല്കിയ നിർദേശങ്ങള്‍ പാലിച്ച് ഫയല്‍ നീക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജയശ്രീ ആവർത്തിക്കുന്നത്.



