ശിവസേനയിലെ വകുപ്പ് വിഭജനം ; മഹാരാഷ്ട്രയിലെ ഏക മുസ്ലിം മന്ത്രി രാജിവെച്ചു
സ്വന്തം ലേഖിക
മുംബൈ : ശിവസേനയിലെ ഏക മുസ്ലിം എംഎൽഎ അബ്ദുൾ സത്താർ മന്ത്രിസ്ഥാനം രാജിവെച്ചു. മഹാരാഷ്ട്രയിലെ മഹാഅഖാഡി സഖ്യത്തിന്റെ വിള്ളൽ പരസ്യമാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി.സഹമന്ത്രിസ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചാണ് അബ്ദുൾ സത്താർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് രാജിക്കത്ത് നൽകിയത്.
ആദ്യ തവണ ജയിച്ച ആദിത്യ താക്കറെയ്ക്ക് അടക്കം ക്യാബിനറ്റ് റാങ്ക് നൽകിയപ്പോൾ, മുതിർന്ന അംഗമായ സത്താറിന് സഹമന്ത്രിസ്ഥാനമാണ് നൽകിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔറംഗബാദിലെ സില്ലോദിൽ നിന്നുള്ള എംഎൽഎയായ അബ്ദുൾ സത്താർ രാജിക്കത്ത് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്ക് അയച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് സ്വീകരിക്കാൻ തയ്യാറായിട്ടില്ല. അബ്ദുൾ സത്താറിനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നതായാണ് സൂചന. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അബ്ദുൾ സത്താറെന്നും പറയപ്പെടുന്നു.
അതേസമയം അബ്ദുൾ സത്താർ രാജിവെച്ചെന്ന വാർത്ത ശിവസേന നേതാക്കൾ തള്ളിക്കളഞ്ഞു. ആ വാർത്ത ശരിയല്ല. പാർട്ടിയെ ആരും രാജിവെച്ചിട്ടില്ല. രാജി വാർത്ത ഭാവനാസൃഷ്ടി മാത്രമാണെന്നും ശിവസേനയുടെ രാജ്യസഭ എംപി അനിൽ ദേശായി പറഞ്ഞു. രാജിവാർത്ത അബ്ദുൾ സത്താറിന്റെ മകൻ സമീർ നബിയും നിഷേധിച്ചിട്ടുണ്ട്.
ഡിസംബർ 30നാണ് അബ്ദുൾ സത്താർ അടക്കമുള്ള നേതാക്കളെ ഉൾപ്പെടുത്തി ഉദ്ധവ് താക്കറെ സർക്കാർ വികസിപ്പിച്ചത്. സില്ലോദ് നിയോജക മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ അബ്ദുൾ സത്താർ 2014ൽ കോൺഗ്രസ് എൻസിപി സർക്കാരിലും മന്ത്രിയായിരുന്നു. എന്നാൽ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട അദ്ദേഹം ശിവസേനയിൽ ചേരുകയായിരുന്നു.
നേരത്തെ അബ്ദുൾ സത്താറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അബ്ദുൾ സത്താറെന്നും ബാൽ താക്കറെ ഇക്കാര്യം പറഞ്ഞതാണെന്നും ബിജെപി ആരോപിച്ചിരുന്നു.
അതിനിടെ വകുപ്പ് വിഭജനം പൂർത്തിയാകാത്തതും സഖ്യത്തിൽ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്.മുന്നണിയിലെ പ്രശ്നം കൊണ്ടല്ല വകുപ്പ് വിഭജനം വൈകുന്നതെന്നും, പുതുതായി ചില വകുപ്പുകൾ രൂപീകരിക്കേണ്ടതിന്റെ കാലതാമസമാണ് കാരണമെന്നും എൻസിപി നേതാവ് നവാബ് മാലിക് പറഞ്ഞു. തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.