തിരുനക്കര ശിവനെ എഴുന്നെള്ളിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഇടപെടൽ: എഴുന്നെള്ളിക്കാതിരിക്കാൻ ചട്ടം ഇല്ലാത്ത പാപ്പാനെന്ന ആരോപണവുമായി ഒരു വിഭാഗം ;  മുൻ പാപ്പാൻ നടേശനെ എത്തിച്ച് ദേവസ്വം ബോർഡ്

തിരുനക്കര ശിവനെ എഴുന്നെള്ളിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഇടപെടൽ: എഴുന്നെള്ളിക്കാതിരിക്കാൻ ചട്ടം ഇല്ലാത്ത പാപ്പാനെന്ന ആരോപണവുമായി ഒരു വിഭാഗം ; മുൻ പാപ്പാൻ നടേശനെ എത്തിച്ച് ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരയുടെ അഭിമാന കൊമ്പൻ തിരുനക്കര ശിവനെ ഉത്സവത്തിന്റെ എഴുന്നെള്ളത്തിൽ നിന്നും വിലക്കാൻ ലോബി കളി തുടങ്ങി. ഇതിന്റെ ഭാഗമായി ആനയ്ക്ക് ചട്ടമില്ലാത്ത പാപ്പാനാണ് ഇപ്പോൾ ഉള്ളതെന്ന പ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നത്. ശിവനെ ഉത്സവത്തിനും പൂരത്തിനും എഴുന്നള്ളിക്കാതിരിക്കാനുള്ള ചില ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് ഒരു വിഭാഗം ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്.

ഈ പ്രചാരണം ശക്തമായതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഇടപെട്ട് ആനയുടെ മുൻ പാപ്പാൻ ആയിരുന്ന നടേശനെ തന്നെ തിരികെ എത്തിച്ചിട്ടുണ്ട്. ആനയെ തിരുനക്കര ക്ഷേത്രത്തിന്റെ ഉത്സവത്തിന് എഴുന്നെള്ളിക്കുന്നതിനായാണ് ഇപ്പോൾ നടേശനെ തന്നെ രംഗത്ത് ഇറക്കിയിരിക്കുന്നത്. നേരത്തെ ചട്ടം എത്താത്ത പാപ്പാൻ കൊണ്ടു നടന്നതിനെ തുടർന്നാണ്, ഒരു പാപ്പാന്റെ മരണത്തിന് ഇടയായ അപകടം ഉണ്ടായത് എന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദം തന്നെ ഉയർത്തിയാണ് കൊമ്പനെ എഴുന്നെള്ളത്തിൽ നിന്നും മാറ്റി നിർത്താൻ നീക്കം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വർഷങ്ങളിൽ മദപ്പാടിന്റെ പേരിലാണ് കൊമ്പനെ ഉത്സവങ്ങളിൽ നിന്നും പുരത്തിൽ നിന്നും മാറ്റി നിർത്തിയിരുന്നത്. എന്നാൽ, ഇക്കുറി തിരുവതാംകൂർ ദേവസ്വം ബോർഡ് ലക്ഷങ്ങൾ മുടക്കി കൊമ്പന്റെ ആരോഗ്യ പരിപാലനം നടത്തിയിരുന്നു. ഇതേ തുടർന്ന് മദപ്പാട് മാറിയ കൊമ്പൻ ഇക്കുറി പൂർണ ആരോഗ്യവാനായി തിരുനക്കര ക്ഷേത്രത്തിൽ ഉത്സവത്തിന് എത്താനിരിക്കെയാണ് ആന ലോബി വീണ്ടും വിവാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഇതു സംബന്ധിച്ചുള്ള തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നടത്തിയ കർശന ഇടപെടലാണ് പഴയ പാപ്പാൻ നടേശനെ തിരിക്കെ എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ പാപ്പാന്റെ മരണത്തിന് പിന്നാലെ നില തെറ്റി പെരുമാറിയ കൊമ്പനെ അടക്കി നിർത്തിയത് പഴയ പാപ്പാൻ മനോജ് നേരിട്ടെത്തിയായിരുന്നു. എന്നാൽ, പിന്നീട് മനോജിനെ പൊൻകുന്നത്തേയ്ക്ക് സ്ഥലം മാറ്റുന്ന നിലപാടാണ് ചിലർ സ്വീകരിച്ചത്. ഇതോടെയാണ് മനോജിന് പകരം നടേശനെ എത്തിക്കാൻ ദേവസ്വം ബോർഡ് ഇടപെട്ടത്. അടുത്ത ദിവസം തന്നെ ആനയെ സന്ദർശിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.