
തമിഴ് സിനിമ ലോകത്ത് മിന്നിത്തിളങ്ങി നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ശിവ കാർത്തികേയൻ. അഭിനയത്തിന് പുറമെ സംഗീതത്തിലും സംവിധാനത്തിനും തന്റേതായ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യ ആരതി തനിക്ക് ജീവിതത്തില്‍ നല്കിയ പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് ശിവ കാർത്തികേയൻ.
എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന തൻ്റെ പുതിയ ചിത്രമായ ‘മദ്രാസി’യുടെ പ്രൊമോഷണല്‍ ചടങ്ങിനിടെ ഹൈദരാബാദില്‍ വെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. സിനിമയില്‍ വിജയിക്കുന്നതിനുമുൻപ് ജീവിതത്തില്‍ പിന്തുണച്ച ആളുകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു ശിവകാർത്തികേയന്റെ മറുപടി.
തന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് കോളേജ് സുഹൃത്തുക്കളാണെന്നും അവരാണ് തന്നെ സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കാൻ പ്രോത്സാഹനം നൽകിയതെന്നും ശിവകാർത്തികേയൻ പറഞ്ഞു. കൂടാതെ സ്റ്റേജില്‍ കയറാനും മിമിക്രി ചെയ്യാനും പ്രോത്സാഹിപ്പിച്ചത് സുഹൃത്തുക്കളാണെന്നും അദ്ദേഹം ഓർമിച്ചു. താൻ നടനാകുന്നതിന് മുൻപേതന്നെ ആരതി വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും, അതിന് താൻ അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“എൻ്റെ ഭാര്യ ആരതി, ഞാൻ സിനിമയില്‍ വരുന്നതിന് മുൻപാണ് അവള് എന്നെ വിവാഹം കഴിച്ചത്. സിനിമയില്‍ കഴിവുള്ളവരെ എപ്പോഴും ആളുകള്‍ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാല്‍ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്ബളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവള് എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം,” ശിവകാർത്തികേയൻ വ്യക്തമാക്കി.
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് മദ്രാസി ഒരുങ്ങുന്നത്. മലയാളികളുടെ പ്രിയ താരമായ ബിജുമേനോനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രം കൂടിയാണിത്. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിർമാണം. വിദ്യുത് ജംവാള്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രം കേരളത്തില്‍ വിതരണംചെയ്യുന്നത് മാജിക് ഫ്രെയിംസ് റിലീസാണ്.