play-sharp-fill
ചിത്രീകരണത്തിനിടയിൽ ഒരുപാട് വിഘ്‌നങ്ങൾ ഉണ്ടായി ;പലരുടെയും മനസ്സിൽ ഒരു കറുത്ത പാടുണ്ടായിരുന്നു : കെ. മധു

ചിത്രീകരണത്തിനിടയിൽ ഒരുപാട് വിഘ്‌നങ്ങൾ ഉണ്ടായി ;പലരുടെയും മനസ്സിൽ ഒരു കറുത്ത പാടുണ്ടായിരുന്നു : കെ. മധു

സ്വന്തം ലേഖകൻ
കോട്ടയം: 28വർഷങ്ങൾക്ക് ശേഷം അഭയ കൊലക്കേസിൽ വിധി വന്നപ്പോൾ, ആ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘ക്രൈം ഫയൽ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് സംവിധായകൻ കെ. മധു.
1999ൽ പുറത്തിറങ്ങിയ ചിത്രം, അതീവ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. കാരണം, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസാണ്. അന്നും ഇന്നും അഭയ കൊലക്കേസിനോളം കേരളം ചർച്ച ചെയ്ത മറ്റൊരു കൊലപാതകമല്ല. ആരെയും മനഃപൂർവം ദ്രോഹിക്കാനോ പേരെടുത്ത് കുറ്റപ്പെടുത്തുകയോ ആയിരുന്നില്ല ചിത്രത്തിന്റെ ഉദ്ദേശം. പക്ഷേ, റിലീസിന് മുൻപ് വരെ പലരുടെയും മനസ്സിൽ ചിത്രത്തെക്കുറിച്ച് ചില കറുത്ത പാടുകൾ ഉണ്ടായിരുന്നു. പക്ഷേ, ചിത്രം പുറത്തിറങ്ങിയതോടെ അതൊക്കെ മാറി.
എന്റെ കരിയറിൽ  തന്നെ ഇത്രയധികം ഷെഡ്യൂളുകൾ നീണ്ട് പോയ മറ്റൊരു ചിത്രമില്ല. ഓരോ ഷോട്ടും കൃത്യതയോടെയാണ് പകർത്തിയത്. ആറു ഷെഡ്യൂളുകൾ എടുത്ത് പൂർത്തിയാക്കിയ ചിത്രത്തിന്റെ പല ഘട്ടത്തിലും ഒരുപാട് വിഘ്‌നങ്ങൾ ഉണ്ടായി. സിസ്റ്റർ അമലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും തുടർന്നുള്ള കേസ് അന്വഷണവുമായിരുന്നു ചിത്രത്തിന്റെ കഥ.
സിസ്റ്റർ അമലയായി സംഗീതയാണ് വേഷമിട്ടത്. ഡി ഐ ജി ഈശോ പണിക്കർ ഐ പി എസായി സുരേഷ് ഗോപിയും എസ് പി അൻവർ സാദത്തായി സിദ്ധിക്കും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കാളിയാർ പത്രോസ് വൈദ്യനായി ജനാർദ്ദനൻ, ഫാ. ക്ലമന്റ് കത്തനാരായി വിജയരാഘവൻ, മാമല മാമച്ചനായി രാജൻ. പി. ദേവ് എന്നിവർ ചിത്രത്തിൽ അഭിനയിച്ചു. എ കെ സാജൻ, എ കെ സന്തോഷ്‌ എന്നിവരുടേതായിരുന്നു തിരക്കഥ. എ രാമകൃഷ്ണനും സാജൻ വർഗീസും  ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാലു ജോർജ് ആയിരുന്നു.