
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്രമങ്ങൾക്ക് ഇന്ന് മുതൽ തുടക്കം. എസ്ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേര് ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും.
വോട്ടർപട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്.
പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്ഐആറിനെ സിപിഎമ്മും കോൺഗ്രസും എതിർക്കുമ്പോഴാണ് കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ പക്കലുള്ളതിനാൽ എത്തുന്നസമയം മുൻകൂട്ടി അറിയിക്കും.
ബിഎൽഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻഫോറവും പൂരിപ്പിച്ച് ഒപ്പിട്ടുനൽകിയാൽമതി. ആവശ്യമെങ്കിൽ രേഖകളും നൽകണം. പുതിയഫോട്ടോ ചേർക്കാനും സൗകര്യമുണ്ട്. 2002-നുശേഷം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ 12 രേഖകളിൽ ഒന്ന് ഹാജരാക്കണം.
2002-ലും 2025-ലും വോട്ടർപട്ടികയിലുള്ള എല്ലാവരും എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകുകയും വേണം.
ഓൺലൈനിൽ അപേക്ഷ
നവംബർ നാലുമുതൽ ഇതിനുള്ള വിലാസം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ലഭ്യമാകും. മൊബൈൽ നമ്പർ നൽകുമ്പോൾ ഒടിപി വരും. എന്യുമറേഷൻഫോറം ഡൗൺലോഡുചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ട് അപ്ലോഡ് ചെയ്യണം. അപ്പോൾത്തന്നെ ബിഎൽഒയുടെ മൊബൈൽ ആപ്പിലെത്തും. ബിഎൽഒ അപ്രൂവ് ചെയ്താൽ ഇആർഒയ്ക്കു കിട്ടും.
പരാതിയുണ്ടെങ്കിൽ
പരാതികൾ ബിഎൽഒ, ഇആർഒ എന്നിവർക്ക് നൽകണം. കളക്ടറാണ് ഒന്നാംഅപ്പീൽ അധികാരി. രണ്ടാം അപ്പീൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും.
ഏതൊക്കെ രേഖകൾ
സർക്കാർജീവനക്കാരുടെ തിരിച്ചറിയൽകാർഡ്-പെൻഷൻ പേമെന്റ് ഉത്തരവ് സർക്കാർ, തദ്ദേശ അധികൃതർ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ, എൽഐസി, പൊതുമേഖലാ ബാങ്കുകൾ എന്നിവ 1987-നുമുൻപ് നൽകിയ തിരിച്ചറിയൽ കാർഡുകൾ ജനന സർട്ടിഫിക്കറ്റ് പാസ്പോർട്ട് സർവകലാശാലകളും ബോർഡുകളും നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സ്ഥിരതാമസക്കാരനാണെന്നു തെളിയിക്കുന്ന സർക്കാർ സർട്ടിഫിക്കറ്റ് വനാവകാശ സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് നാഷണൽ രജിസ്റ്റർഓഫ് സിറ്റിസൺസ് സംസ്ഥാനം തയ്യാറാക്കുന്ന ഫാമിലി രജിസ്റ്റർ സർക്കാർ ഭൂമിയോ വീടോ അനുവദിച്ചതിന്റെ സർട്ടിഫിക്കറ്റ് ആധാർ (ഇവയിലേതെങ്കിലുമൊന്ന്)
രണ്ട് പട്ടികകളിലും പേരില്ലെങ്കിൽ
2002-ലെയും 2025-ലെയും വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേരുചേർക്കാൻ ഫോറം ആറിൽ അപേക്ഷിക്കണം. ജനിച്ചത് 1987 ജൂലായ് ഏഴിനുമുൻപാണെങ്കിൽ ജനനത്തീയതിയോ ജനനസ്ഥലമോ തെളിയിക്കുന്ന രേഖകളിൽ ഒന്നുനൽകണം. 1987 ജൂലായ് ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ ജനനത്തീയതിയോ ജനനസ്ഥലമോ തെളിയിക്കുന്ന രേഖകളും മാതാപിതാക്കളിൽ ഒരാളുടെയും രേഖനൽകണം. 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ സ്വന്തംരേഖയും മാതാപിതാക്കളുടെയും രേഖകളും നൽകണം. ഇതിനൊക്കെ കമ്മിഷൻ അംഗീകരിച്ച 12 രേഖകളിൽ ഒരെണ്ണം മതിയാകും.
രണ്ടിടത്ത് വോട്ടുണ്ടെങ്കിൽ ഒന്ന് നീക്കണം
ഇതിന് ബിഎൽഒയ്ക്കോ ഇആർഒയ്ക്കോ അപേക്ഷനൽകണം. മൊബൈൽ ആപ്പുമുണ്ടാകും. ജില്ലാതലത്തിലുള്ള കോൾ സെന്ററിന്റെ (1950) സഹായം തേടാം. മുൻപ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പുതിയ താമസസ്ഥലത്തേക്കു വോട്ട് മാറ്റുന്നതിനും ഇങ്ങനെ അപേക്ഷിക്കണം.
മണ്ഡലത്തിൽത്തന്നെ താമസിക്കുന്നയാളായിരിക്കണം വോട്ടർ. ബിഎൽഒമാർക്കും ഇആർഒമാർക്കും ഇതിൽ തീരുമാനമെടുക്കാം. ഇരട്ടവോട്ടുണ്ടെങ്കിൽ വോട്ടർക്കുതന്നെ അതിലൊന്നു നീക്കാൻ അപേക്ഷിക്കാം. ബിഎൽഒയ്ക്കും ശുപാർശ ചെയ്യാം.
ഒരിടത്ത് വോട്ടുള്ള ഇതരസംസ്ഥാനക്കാരോ അല്ലാത്തവരോ മറ്റൊരിടത്ത് വോട്ടുചേർക്കുന്നത് പേര്, വയസ്സ്, വീട്ടുപേര്, പിതാവിന്റെ പേര് തുടങ്ങിയ വിവരങ്ങളിലൂടെ സിസ്റ്റംതന്നെ കണ്ടെത്തും.
ഹെൽപ് ഡെസ്ക്
എസ്ഐആർ സംബന്ധിച്ച ഏതുസംശയവും ഇവിടെ തീർക്കാം. ഉടൻതന്നെ സജ്ജമാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി. കേരളത്തിനു പുറത്തുനിന്നെത്തിയവർക്കും സംസ്ഥാനത്തുള്ളവർക്കും എന്നിങ്ങനെ രണ്ടുതരത്തിലാണ് പ്രവർത്തിക്കുക.
മറുനാട്ടിൽനിന്നെത്തി താമസമാക്കിയവരുടെ സംശയം തീർക്കാൻ അവരുടെ ഭാഷയിൽ മറുപടിനൽകുന്നത് പരിഗണനയിലാണ്. ഒൻപതുമുതൽ ഒൻപതുവരെ പ്രവർത്തിക്കും. 24 മണിക്കൂറാക്കുന്നതും കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നതും കളക്ടർമാർക്ക് തീരുമാനിക്കാം



