play-sharp-fill
പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി ; കെജെ ബേബിക്ക് മകളുടെ ഗാനാശ്രുപൂജ

പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി ; കെജെ ബേബിക്ക് മകളുടെ ഗാനാശ്രുപൂജ

സ്വന്തം ലേഖകൻ

കൽപ്പറ്റ: കെജെ ബേബിക്ക് മകൾ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ. കനത്ത ദുഃഖത്തിനിടയിലും പ്രിയപ്പെട്ട പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി. നടവയലിലെ പൊതുദർശനത്തിനു ശേഷം ഒന്നേകാലോടെയാണ് കെജെ ബേബിയുടെ മൃതദേഹം തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ തൃശ്ശിലേരിയുള്ള ശാന്തി കവാടത്തിലെത്തിച്ചത്.

ഇവിടെയും ബേബിയെ ഒരുനോക്കു കാണാൻ നിരവധി പേരെത്തിയിരുന്നു. മൃതദേഹം സംസ്കരിക്കാൻ എടുക്കുന്നതിനു തൊട്ടുമുമ്പാണ് രമണ മഹർഷിയുടെ കീർത്തനങ്ങൾ ഉൾപ്പെടെ പാടി ബേബിയുടെ മൂത്തമകളും ബാവുൾ ഗായികയുമായ ശാന്തിപ്രിയ പിതാവിനു യാത്രാമൊഴിയേകിയത്. ചിതാഭസ്മം കബനിയിൽ ഒഴുക്കണമെന്ന ബേബിയുടെ ആഗ്രഹം കണക്കിലെടുത്ത് കബനിയിൽ നിമജ്ജനം ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയ വ്യക്തിയാണ് ബേബി. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് . പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടു​ഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.

കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറി. 1994 ലാണ് കനവ് എന്ന ബദൽ സ്കൂൾ തുടങ്ങിയത്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. ബഹുമുഖ പ്രതിഭയായിരുന്നു കനവ് ബേബി എന്ന കെ ജെ ബേബി.നാ‍ടകപ്രവർത്തകനും നോവലിസ്റ്റും നാടൻ പാട്ടുകാരനും നക്സലൈറ്റും എന്നിങ്ങനെ ബേബി നിറഞ്ഞ് നില്കാത്ത വേഷങ്ങളില്ല. കനവ് എന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനമാണ് ബേബിക്ക് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തത്.

നാട് എൻ വീട് എൻ വയനാട് എന്ന ഈ പാ‍ട്ട് കേൾക്കാത്തവരുണ്ടാകില്ല. കനവിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കൊപ്പം ബേബി നാടാകെ പാടിയ പാട്ടാണിത്. കേരളത്തിൽ ഇത്തരമൊരു സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനം ആദ്യമായിട്ടായിരുന്നു. കാടിന്റെ മക്കൾക്ക് ക്ലാസുമുറികളിലെ അടിച്ചേൽപ്പിച്ച അച്ചടക്കമല്ല വേണ്ടത് എന്ന ബോധ്യമാണ് ബേബിയെയും ഭാര്യയെയും കനവെന്ന ബദൽ വിദ്യാഭ്യാസസ്ഥാനത്തിലേക്ക് നയിച്ചത്.

അതിനും മുന്‍പ് 70കളുടെ അവസാനം കേരളം മുഴുൻ ചർച്ചയായ നാടുഗദ്ധികയെന്ന തെരുവ് നാടകവുമായി നാട് ചുറ്റി ശ്രദ്ധ നേടിയ ബേബിയെ ഇടത് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നക്സലൈറ്റ് ആഭിമുഖ്യമായിരുന്നു കാരണം. അതിനും മുമ്പ് തിരുവണ്ണാമലയിലെ രമണാശ്രമത്തിൽ സന്യസിച്ചിരുന്നു ബേബി രണ്ട് വർഷം. സന്ന്യാസത്തിൽ നിന്ന് പുറത്ത് കടന്ന ബേബി പിന്നീട് പൊതു പ്രശ്നങ്ങളിൽ പിന്നോക്കക്കാരുടെ നാവായി. മാവേലി മൺറം പോലുള്ള മികച്ച നോവലുകളെഴുതി. സാഹിത്യ അക്കാദമി അവാർഡ് അടക്കമുള്ള എണ്ണം പറഞ്ഞ പുരസ്കാരങ്ങൾ നേടി. നർമ്മദാ ബചാവോ സമരസമിതിയുടെ കൂടെ മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രവർത്തിച്ചു.

അവസാനകാലത്ത് വിഷാദവും രോഗങ്ങളും ബേബിയെ അലട്ടിയിരുന്നു. കനവ് എന്ന സ്ഥാപനം തന്റെ ശിഷ്യർക്ക് കൈമാറി നീണ്ട യാത്രകളിലായിരുന്നു ബേബി. കുടിയേറ്റ കർഷക കുടുംബത്തിൽ പിന്ന ബേബി മണ്ണിന്റെ മനുഷ്യരുടെ ദൈന്യത കണ്ടു. കേട്ടു. മനസ്സലിവുള്ള മനുഷ്യനായി ജീവിച്ചു. വ്യവസ്ഥയെ ചോദ്യം ചെയ്തും നിരാലംബരായ മനുഷ്യർക്ക് വേണ്ടി അലിവോടെ നിലകൊണ്ടു ജീവിച്ച മനുഷ്യപ്പറ്റുള്ള ഒരു ദാർശനികനായിരുന്നു കെജെ ബേബി.