യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി ; ആൻഡമാൻ കടല്‍ കടക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍ പെട്ടത് ; എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ വിമാനം വളരെ പെട്ടെന്നു താഴ്ന്നു ; വായുവിലൂടെ സാധനങ്ങള്‍ പറന്നുനടന്നു; ആകാശച്ചുഴിയില്‍ പെട്ട സിംഗപ്പൂര്‍ എയര്‍ലൈൻസ് വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായത് ഭീകരാനുഭവം ;ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍

യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി ; ആൻഡമാൻ കടല്‍ കടക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍ പെട്ടത് ; എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ വിമാനം വളരെ പെട്ടെന്നു താഴ്ന്നു ; വായുവിലൂടെ സാധനങ്ങള്‍ പറന്നുനടന്നു; ആകാശച്ചുഴിയില്‍ പെട്ട സിംഗപ്പൂര്‍ എയര്‍ലൈൻസ് വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായത് ഭീകരാനുഭവം ;ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:ആകാശച്ചുഴിയില്‍ പെട്ട സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റ് എസ് ക്യു 321 ലെ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം.വെറും മൂന്നുമിനിറ്റിനകം വിമാനം പൊടുന്നനെ 6000 അടി താഴ്ന്നു. ബോയിങ് 77-300 ഇആർ വിമാനം 37,000 അടി ഉയരത്തിലാണ്( 11,300 മീറ്റർ) പറന്നുകൊണ്ടിരുന്നത്. ആകാശച്ചുഴിയില്‍ വീണതോടെ 31,000 അടിയിലേക്ക് താഴ്ന്നു.

10 മിനിറ്റോളം ഈ ഉയരത്തില്‍ തുടർന്ന ശേഷമാണ് ബാങ്കോക്കില്‍ അടിയന്തര ലാൻഡിങ് നടത്താനായി പുറപ്പെട്ടത്. വിമാനത്തില്‍ ജീവനക്കാർ പ്രഭാത ഭക്ഷണം വിളമ്ബുന്നതിനിടെയാണ് സംഭവം. ഒരു യാത്രക്കാരൻ മരിക്കുകയും, 31 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മ്യാന്മാറിന് സമീരം ആൻഡമാൻ കടല്‍ കടക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍ പെട്ടത്. സംഭവ സമയത്ത് വിമാനത്തില്‍ നിന്ന് അടിയന്തര സിഗ്നലായ സ്‌ക്വാക് കോഡ് പുറപ്പെടുപ്പിച്ചു. പൊടുന്നനെ വിമാനം ആകാശച്ചുഴിയില്‍ വീണതോടെ യാത്രക്കാരും ജീവനക്കാരും ആകെ ഉലഞ്ഞുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

73കാരനായ ബ്രിട്ടീഷ് പൗരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന, വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘പൊടുന്നനെ വിമാനം കുലുങ്ങാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ വിമാനം വളരെ പെട്ടെന്നു താഴ്ന്നു. സീറ്റില്‍ ഇരുന്ന പലരും സീലിങ്ങില്‍ ചെന്നിടിച്ചു. പലരുടെയും തല മുകളിലെ ബാഗേജ് കാബിനില്‍ തട്ടി. ഇടിയുടെ ആഘാതത്തില്‍ അത് വളഞ്ഞുപോയി” ഇരുപത്തിയെട്ടുകാരൻ സാഫ്രൻ അസ്മിർ ഭീതിയോടെ ഓർക്കുന്നു ആ നിമിഷങ്ങള്‍.

”വായുവിലൂടെ സാധനങ്ങളെല്ലാം പറന്നുനടക്കുന്നതാണ് എനിക്കിപ്പോഴും ഓർക്കാൻ കഴിയുന്നത്. ചുറ്റിലും നിന്ന് നിലവിളികള്‍ ഉയരുന്നുണ്ട്. എന്തൊക്കെയോ ശബ്ദങ്ങളും” മറ്റൊരു യാത്രക്കാരനായ ആൻഡ്രൂ ഡേവിസ് വിശദീകരിച്ചു.

ഭക്ഷണവസ്തുക്കളും മാസികകളും വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും വിമാനത്തില്‍ ചിതറിക്കിടക്കുകയാണ്. വിമാനത്തിന്റെ ഉള്‍വശവും ഓക്‌സിജൻ മാസ്‌കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. ചോരയൊലിപ്പിച്ചിരിക്കുന്ന എയർഹോസ്റ്റസ്, ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ പകച്ചിരിക്കുന്ന യാത്രക്കാർ തുടങ്ങിയ ദൃശ്യങ്ങള്‍ വേറെയുമുണ്ട്.

ബോയിങ് 777 വിമാനം ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്ബോഴാണ് ആകാശച്ചുഴിയില്‍ പെട്ടത്. ബാങ്കോക്കിലേക്ക് തിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച വൈകുന്നേരം സുവർണഭൂമി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന എസ്‌ക്യു 321 ഫ്‌ളൈറ്റ് കടുത്ത ആകാശച്ചുഴിയില്‍ പെട്ടതായി സിംഗപ്പൂർ എയർലൈൻ സ്ഥിരീകരിച്ചു. വിമാനത്തില്‍ 211 യാത്രക്കാരും, 18 വിമാന ജീവനക്കാരും ഉണ്ടായിരുന്നു. യാത്രക്കാരന്റെ അപ്രതീക്ഷിത വേർപാടില്‍ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി സിംഗപ്പൂർ എയർലൈൻ പറഞ്ഞു. വിമാനത്തിലെ എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ സഹായം നല്‍കുന്നതിനാണ് പ്രാഥമിക പരിഗണന. തായ്‌ലൻഡിലെ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ വൈദ്യ സഹായം നല്‍കുന്നുണ്ട്. കൂടാതെ ബാങ്കോക്കിലേക്ക് ഒരു സംഘത്തെ അയയ്ക്കുന്നുണ്ടെന്നും എയർലൈൻസിന്റെ പ്രസ്താവനയില്‍ അറിയിച്ചു.

 

മെയ് 21 ന് 10.38 നാണ് വിമാനം പറന്നുയർന്നത്. മ്യാന്മാറിന്റെയോ, തായ്‌ലൻഡിന്റെയോ വ്യോമമേഖലയ്ക്ക് അടുത്തുവച്ചാണ് വിമാനം ആകാശച്ചുഴിയില്‍ പെട്ടത്. ഇത്തരം സന്ദർഭങ്ങളില്‍ കുറച്ചുനേരത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം സാധ്യമായില്ലെന്ന് വരാം. ഏതായാലും വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിടാൻ പൈലറ്റിന് സാധിച്ചു. സുവർണഭൂമി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുമ്ബോഴേക്കും ആംബുലൻസുകളും, വൈദ്യസംഘത്തെയും എത്തിച്ചിരുന്നു.

വിമാനം പറക്കുന്നതിനിടെ, സീറ്റ് ബെല്‍റ്റ് ധരിക്കുന്നതാണ് ഉചിതമെന്ന് യാത്രക്കാരെ ഉപദേശിക്കുന്നതിന് കാരണവും ആകാശച്ചുഴിയാണ്. ഏതുസമയത്ത് വേണമെങ്കിലും വിമാനം ആകാശച്ചുഴിയില്‍ പെടാം. രണ്ടുവർഷം മുമ്ബ് സ്‌പൈസ് ജെറ്റിന്റെ മുംബൈ -ദുർഗാപ്പുർ വിമാനം ആകാശച്ചുഴിയില്‍ പെട്ട് 14 യാത്രക്കാർക്കും, മൂന്നു ജീവനക്കാർക്കും പരിക്കേറ്റിരുന്നു. രണ്ടുമാസത്തിന് ശേഷം ഗുരുതര പരിക്കേറ്റ യാത്രക്കാരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.