സൈമൺ ബ്രിട്ടോ; ചക്രക്കസേരയിലെ അസാധാരണ ജീവിതത്തിനുടമ

സൈമൺ ബ്രിട്ടോ; ചക്രക്കസേരയിലെ അസാധാരണ ജീവിതത്തിനുടമ


സ്വന്തം ലേഖകൻ

കൊച്ചി: അന്തരിച്ച മുൻ എംഎൽഎയും സിപിഎം നേതാവുമായ സൈമൺ ബ്രിട്ടോയുടെ സംസ്‌കാരം നാളെ. രാവിലെ 7ന് ആശുപത്രിയിൽ നിന്നു മൃതദേഹം വടുതലയിലെ വസതിയിൽ കൊണ്ടുവന്നതിനുശേഷം നടക്കും. തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിനു പച്ചാളം ശ്മശാനത്തിലാണ് സംസ്‌കാരം. സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി നേതാക്കൾ അനുശോചനം അറിയിച്ചു. ഹൃദയസ്തംഭനത്തെതുടർന്ന് ഇന്നലെ വൈകീട്ടോടെയായിരുന്നു സൈമൺ ബ്രിട്ടോ മരിച്ചത്.

നട്ടെല്ലിനു കുത്തേറ്റു ശരീരം അരയ്ക്കു താഴെ തളർന്നുപോയ സൈമൺ ബ്രിട്ടോ, അസാധാരാണ ജീവിത പോരാട്ടത്തിന്റെ മാതൃകയാണ്. 35 വർഷമാണ് അദ്ദേഹം വീൽ ചെയറിൽ ജീവിച്ചത്. സൈമൺ ബ്രിട്ടോ എന്ന അസാധാരണ ജീവിതത്തെ പോരാട്ടം എന്ന ഒരൊറ്റവാക്കുകൊണ്ട് മലയാളികൾക്ക് നിർവചിക്കാം. അവശതകളിലും നിശ്ചയാദാർഢ്യത്തോടെ ജീവിതത്തിൽ പോരാടിയ സൈമൺ ബ്രിട്ടോ ആർക്കും ഒരു പ്രചോദനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിരാളികളുടെ കഠാര പാതി ജീവൻ തളർത്തിയിട്ടും മനക്കരുത്തിൽ എത്തിപ്പിടിച്ച 35വർഷങ്ങൾ. ചക്ര കസേരയിൽ നീങ്ങിയെത്തിയ പോരാട്ട ഭൂമികകൾ. സാഹിത്യസദസ്സുകൾ. ചർച്ചാവേദികൾ പാതി തളർന്നിട്ടും , പാതിജീവിതം തോറ്റുക്കൊടുക്കാതെ സൈമൺബ്രിട്ടോ പൊരുതി. എൻപതുകളിൽ എറണാകുളത്തെ ക്യാമ്പസുകളിലെ നിറ സാന്നിദ്ധ്യമായിരുന്നു സൈമൺബ്രിട്ടോ.1983 ഒക്ടോബർ 14ലാണ് ബ്രിട്ടോയുടെ ജീവിതത്തെ രണ്ടായി പകുത്തുമാറ്റിയ ആക്രമണം. അക്രമരാഷ്ട്രീയത്തിൽ പൊലിയാതെ നിശ്ചയദാർഢ്യത്തോട ബ്രിട്ടോ തിരികെ എത്തി.

സിപിഎമ്മിന്റെയും ഭാര്യ സീനാഭാസ്‌കറിന്റെയും സുഹൃത്തുക്കളുടെയും കരംപിടിച്ച് ബ്രിട്ടോ രാഷ്ട്രീയ പ്രവർത്തനവും സാംസ്‌കാരിക പ്രവർത്തനവും തുടർന്നു. എൽഡിഎഫ് അധികാരത്തിൽ എത്തിയ 2006ൽൽ ബ്രിട്ടോക്കായി പാർട്ടി കരുതി വച്ചത് നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം. ശാരീരിക അവശതകൾ മറന്ന് നിയമസഭയിലും ബ്രിട്ടോ നിറഞ്ഞു. എംഎൽഎ ഫണ്ടിന്റെ നല്ലൊരു തുകയും ചിലവഴിച്ച് ജയിലുകളിൽ പുസ്തകമെത്തിച്ചു. ഒപ്പം കൂടിയ വിദ്യാർത്ഥി പ്രവർത്തകരായിരുന്നു എഴുത്തിലെ കരുത്ത്. ബ്രിട്ടോയുടെ വാക്കുകൾ അവർ കേട്ടെഴുതി പുസ്തകങ്ങളാക്കി. രണ്ട് നോവലുകൾ പിറന്നു. ശാരിരിക അവശതകൾ ഒന്നൊന്നായി കൂടുമ്പോഴും വലിയൊരു സ്വപ്നവും ബ്രിട്ടോ സാക്ഷാത്കരിച്ചു, ഇന്ത്യ മുഴുവനും കണ്ടു.

എന്നും കമ്മ്യൂണിസ്റ്റ് ധാരയിൽ ഉറച്ചു നിന്ന ബ്രിട്ടോ തന്റെ അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട പിറ്റേന്ന് കോഴിക്കോട് എത്തി അന്ത്യ പ്രണാമം അർപ്പിച്ചു. അക്രമരാഷ്ട്രീയത്തിലെ രക്തസാക്ഷിക്ക് മുന്നിൽ ജീവിക്കുന്ന രക്തസാക്ഷിയുടെ ഈ അന്ത്യാഭിവാദ്യവും രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധകവർന്നിരുന്നു. മഹാരാജാസിലെ അഭിമന്യുവിന്റെ ജീവിതം കഠാരയെടുത്തപ്പോഴും അന്വേഷണത്തിലെ പിഴവുകളിൽ ബ്രിട്ടോ പ്രതിഷേധിച്ചു. സംഭവബഹുലമായ ബ്രിട്ടോയുടെ ജീവിതം മലയാളികൾക്ക് ഒരത്ഭുതമാണ്. ശരീരത്തിന്റെ കുറവുകളല്ല മനസിന്റെ ശക്തിയാണ് പ്രധാനം എന്ന് കാട്ടി തന്ന പോരാളി പോരാട്ടം അവസാനിക്കുമ്പോൾ ബ്രിട്ടോയുടെ ജീവിതം പലർക്കും കരുത്താവുകയാണ്.