സിൽവർ ലൈൻ: എറണാകുളത്ത് രണ്ട് സ്റ്റോപ്പുകൾ; തിരുവനന്തപുരം-കൊച്ചി യാത്രാസമയം ഒന്നര മണിക്കൂർ; പകൽ സമയങ്ങളിൽ പാസ്സഞ്ചർ ട്രെയിനുകളും രാത്രികാലങ്ങളിൽ ഗുഡ്‌സ് ട്രെയിനുകളും
സ്വന്തം ലേഖകൻ
കൊച്ചി: സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ എറണാകുളം ജില്ലയിൽ രണ്ട് സ്റ്റോപ്പുകളുണ്ടാകും. 529.45 കിലോമീറ്ററുള്ള റെയിൽ പാതയിൽ രണ്ട് സ്റ്റോപ്പുകൾ ഉള്ള ഏക ജില്ല എറണാകുളമാണ്. കാക്കനാടും നെടുമ്പാശ്ശേരിയുമാണ് എറണാകുളത്തെ രണ്ട് സ്റ്റോപ്പുകൾ. പദ്ധതിയിൽ ആകെ 11 സ്റ്റോപ്പുകളാണ് നിർണ്ണയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനം എന്നനിലയിലാണ് എറണാകുളത്ത് രണ്ട് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതിനാലാണ് നെടുമ്പാശ്ശേരിയിൽ സ്റ്റോപ്പ്. തിരുവനന്തപുരം, കൊല്ലം,ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്. നെടുമ്പാശ്ശേരി, തൃശൂർ,തിരൂർ,കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെയാണ് നിലവിൽ സിൽവൈർ ലൈൻ സ്‌റ്റോപ്പുകൾ നിർണ്ണയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളിൽ ഒന്നായ ജൻ ശതാബ്ദി നാലു മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തുന്നത്. സിൽവർ ലൈനിലൂടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഒന്നര മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. കോഴിക്കോട് നിന്ന് കൊച്ചിയിലേക്കെത്താൻ 75 മിനിറ്റ് മതിയാകും.
ഒരു കിലോമീറ്ററിന് 2.75 രൂപ എന്ന നിരക്കിലാണ് നിലവിൽ ചാർജ് നിശ്ചയിച്ചിരിക്കുന്നത്. 540 രൂപയാണ് എറണാകുളം-തിരുവനന്തപുരം യാത്രയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. പതിനൊന്ന് ജില്ലകളിൽ കൂടിയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്.
പകൽ സമയങ്ങളിൽ പാസ്സഞ്ചർ ട്രെയിനുകളും രാത്രികാലങ്ങളിൽ ഗുഡ്‌സ് ട്രെയിനുകളും ഓടിക്കാനാണ് ആലോചന. 480 ട്രക്കുകൾ റോ റോ സർവീസിലൂടെ ഒരുദിവസം കൊണ്ടുപോകാൻ സാധിക്കും. അഞ്ച് റോ-റോ സ്‌റ്റേഷനുകൾ ഉണ്ടാകും. ഇവ പാസ്സഞ്ചർ സ്റ്റേഷനുകളിൽ നിന്ന് മാറിയാകും സ്ഥാപിക്കുക.
കൊല്ലം, പഴങ്ങനാട്. തിരൂർ,കണ്ണൂർ എന്നിവടങ്ങളിൽ മെയിന്റനൻസ് ഡിപ്പോകൾ സ്ഥാപിക്കും. 46,206 റോഡ് യാത്രക്കാർ സിൽവർ ലൈനിലേക്ക് മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം, പദ്ധതിക്ക് എതിരെ പ്രതിഷേധങ്ങളും ശക്തമാണ്. പദ്ധതിക്ക് എതിരെ നൂറു കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. ജനസമക്ഷം കെ-റെയിൽ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന് എറണാകുളം ടിജിഎം ഹാളിൽ നടക്കും.