സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി സമര സമിതി, 25,000 പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കാനാണ് തീരുമാനം
കൊച്ചി: സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി.
പദ്ധതിയുടെ അലൈൻമെന്റിൽ താമസിക്കുന്ന 25,000 പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കനാണ് തീരുമാനം. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച നിവേദനങ്ങൾ സംസ്ഥാന ചെയർമാന് കൈമാറി.
പദ്ധതിയെ എതിർക്കുന്ന കേരളത്തിലെ എം.പിമാരുടെ സാന്നിധ്യത്തിൽ സമരസമിതിയുടെ നിവേദക സംഘം കേന്ദ്രമന്ത്രിയെ കാണാനും തീരുമാനിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന ധനകാര്യ മന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തരയോഗമാണ് തീരുമാനം എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ സിൽവർ ലൈൻ പദ്ധതിയുടെ നടത്തിപ്പുകാർക്കെതിരെ നടത്തിയതുപോലെ ശക്തമായ പ്രചരണം നടത്തി, വരുന്ന തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സമിതി ഇടപെടും. എറണാകുളം അധ്യാപക ഭവനിൽ ചേർന്ന യോഗം മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും എന്ന് എം.എൽ.എ പറഞ്ഞു.