സിൽവർലൈൻ; കല്ലിടല്‍ കരാറില്‍ നിന്ന് പിന്മാറി ചെന്നൈ ആസ്ഥാനമായ കമ്പനി.; സർക്കാരിന് തിരിച്ചടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ കരാറില്‍ നിന്ന് പിന്മാറി ചെന്നൈ ആസ്ഥാനമായ കമ്പനി. സർക്കാരിന് പുതിയ തിരിച്ചടി.

ജനകീയ പ്രതിഷേധം രൂക്ഷമായതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് പിന്മാറ്റം. എന്നാല്‍ കമ്പനിയുടെ പ്രകടനം മോശമായതിനാല്‍ ഒഴിവാക്കി എന്നാണ് കെ റെയില്‍ നല്‍കിയ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി കല്ലുകള്‍ നല്‍കാനും, സ്ഥാപിക്കാനുമായിട്ടാണ് ചെന്നൈ വേളാച്ചേരി ആസ്ഥാനമായ വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ നേടിയത്. കോട്ടയം മുതല്‍ എറണാകുളം വരെയും, തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ സര്‍വേ കല്ലിടാനായിരുന്നു കഴിഞ്ഞ മേയില്‍ കരാര്‍ നല്‍കിയത്.

41,27,834 രൂപയുടെ കരാറാണ് കോട്ടയം മുതല്‍ എറണാകുളം വരെ കല്ലിടാന്‍ മാത്രമായി തീരുമാനിച്ചത്. 4,202 കോണ്‍ക്രീറ്റ് കുറ്റികളായിരുന്നു സ്ഥാപിക്കേണ്ടത്. ആറ് മാസത്തിനകം ഇവ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും കല്ലിടലിനെതിരെ സമരം ശക്തമായത് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.

ഇതോടെ കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് മൂന്ന് മാസം മുമ്പേ തന്നെ കെ റെയിലിന് കത്ത് നല്‍കി.അതേസമയം കമ്പനിയുടെ മോശം പ്രകടനം കണക്കിലെടുത്ത് കരാറില്‍ നിന്ന് ഒഴിവാക്കിയെന്നാണ് കെ റെയില്‍ പറഞ്ഞത്. കമ്പനി സ്വയം ഒഴിഞ്ഞതല്ല. നിശ്ചിത സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പുറത്താക്കുന്നുവെന്നാണ് കെ റെയില്‍ എം.ഡി. അജിത്കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.