അന്തർദേശീയ ആംഗ്യഭാഷാ ദിനാചരണം: വാക്കുകൾ ആംഗ്യങ്ങളായി; കോട്ടയം കളക്ടറേറ്റിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ആംഗ്യഭാഷാ പഠന ക്ലാസ്സ് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ജില്ലാ കളക്ടർ ചേതൻകുമാർ മീണ നമസ്‌കാരം പറഞ്ഞപ്പോൾ സദസ്സിലിരുന്നവരിൽ പലരും വലതുകൈ നെഞ്ചിനുനേരേ പിടിച്ച് പെരുവിരൽ ഉയർത്തിയശേഷം തലയ്ക്കൊപ്പം മുകളിലേക്ക് ഉയർത്തി അഞ്ചു വിരലുകളും നിവർത്തി.

video
play-sharp-fill

അവരുടെ ഭാഷയിലുള്ള ഗുഡ്‌മോണിംഗ് ആയിരുന്നു അത്. ശബ്ദമില്ലാത്തവർ ആംഗ്യങ്ങളിലൂടെ പറയുന്നതെന്തെന്ന് സംസാരശേഷിയുള്ളവർ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. ലോക ആംഗ്യ ഭാഷാദിനാചരണത്തിൻറെ ഭാഗമായി ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും ജില്ലാ ഡഫ് കൺസോർഷ്യവും ചേർന്ന് കളക്ടറേറ്റിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ക്ലാസായിരുന്നു വേദി.

മീശ പിരിച്ചു കാണിക്കുമ്പോൾ അച്ഛനെന്നും മുക്കുത്തിയിടുന്ന ഭാഗം തൊട്ടു കാണിച്ചപ്പോൾ അമ്മയെന്നുമാണെന്ന് ആംഗ്യഭാഷാ പരിഭാഷക രേഷ്മ ആർ. നാഥ് വിശദീകരിച്ചു. ഇരു കൈകളും നെഞ്ചോടു ചേർത്ത് കുറുകെപ്പിടിക്കുമ്പോൾ സ്നേഹം എന്നർഥം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായനയും ചിന്തയും മനിസാലക്കലുമൊക്കെ ആംഗ്യഭാഷയിൽ അവതരിപ്പിച്ചു. വാക്കുകൾ മാത്രമല്ല, അക്കങ്ങളും സ്ഥലപ്പേരുകളുമൊക്കെ ആംഗ്യങ്ങളായി വന്നപ്പോൾ ജീവനക്കാർക്ക് കൗതുകമേറി.
കോട്ടയമെന്നും കണ്ണൂരെന്നുമൊക്കെ ആംഗ്യഭാഷയിൽ എങ്ങനെ സംസാരിക്കാമെന്ന് അവർ വളരെ വേഗം പഠിച്ചെടുത്തു.

നൂറു ശതമാനം സാക്ഷരത നേടിയ കോട്ടയം ജില്ലയ്ക്ക് ആംഗ്യഭാഷയിലും നൂറുശതമാനം സാക്ഷരത കൈവരിക്കാൻ സാധിക്കട്ടെയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ ആശംസിച്ചു. കളക്ടറുടെ പ്രസംഗവും രേഷ്മ കാണികൾക്കായി ആംഗ്യഭാഷയിൽ അവതരിപ്പിച്ചു.

നിത്യജീവിതത്തിൽ ആവശ്യമായിവരുന്ന ചില അടിസ്ഥാന ആംഗ്യരൂപങ്ങൾ ജില്ലാ ഡഫ് കൺസോർഷ്യം പ്രതിനിധികൾ പഠിപ്പിച്ചു നൽകി. ഇതു മനസിലാക്കുന്നതിലൂടെ ജീവനക്കാർക്ക് സംസാരശേഷിയില്ലാത്തവരുമായി സംവദിക്കുന്നത് കൂടുതൽ എളുപ്പമാകുമെന്ന് അവർ പറഞ്ഞു.

കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ സാമൂഹ്യനീതി ഓഫീസർ സിജു ബെൻ അധ്യക്ഷത വഹിച്ചു. ആംഗ്യഭാഷാ സഹായി പ്രകാശനവും കളക്ടർ നിർവഹിച്ചു. ജില്ലാ ഡഫ് കൺസോർഷ്യം കോ ഓർഡിനേറ്റർ കെ.സി. ഐസക്, പ്രതിനിധികളായ ഏലിയാസ് മാത്യു, പി.ജെ. റോബിൻ, സിജോ ജെയിംസ്, മിനി ഐസക്, ജോജോ ആന്റണി, സൂസൻ ബിജു,വിവിധ വകുപ്പുകളിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.