
സിദ്ധാര്‍ഥന്റെ മരണത്തില്‍ 18 പ്രതികളും പിടിയില്‍; മുഖ്യസൂത്രധാരൻ സിൻജോ പിടിയിലായത് കീഴടങ്ങാന്‍ വരുന്നതിനിടെ
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എല്ലാ പ്രതികളെയും പിടികൂടി.
സംഭവത്തിന്റെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.
ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.
സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ് (21,) കൊല്ലം കിഴക്കുംഭാഗം സ്വദേശി ആര്‍.എസ്. കാശിനാഥന്‍ (25,) മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ തുടങ്ങിയവരാണ് ശനിയാഴ്ച പോലീസിന്റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിന്‍ജോയെ കല്പറ്റയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ വരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ബെംഗളൂരുവില്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്.
കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരവേ ബന്ധുവീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കാശിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു.
വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.