സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകം; സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചന കുറിപ്പ് പങ്കുവെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണ്. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ നായകർ പ്രശ്നങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ടു അവസാനം ശുഭകരമായി വിജയിക്കുന്ന പോലെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അതുണ്ടായില്ല.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലങ്ങളിൽ ലാലിനൊപ്പവും തുടർന്ന് സ്വന്തം നിലയിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഒട്ടുമുക്കാലും തിയേറ്ററുകളിൽ ഓളങ്ങൾ സൃഷ്ടിച്ചവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങിയ പടങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റ് ശ്രേണിയിലുള്ളവയാണ്. ഇന്നും ഏറെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ എന്നത് സിദ്ദിഖിലെ സംവിധായകന്റെ മികവിനെയാണ് കാണിക്കുന്നത്. ഹാസ്യപ്രധാനമായ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അത് തെളിയിക്കുവാനും സിദ്ദിഖിന് സാധിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിദ്ദിഖ് വിടവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ലെഗസി ഇവിടെത്തന്നെ ആ സിനിമകളിലൂടെ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മലയാളികളുടെയെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ നേരുന്നു.