ചിരിയുടെ ഗോഡ്ഫാദറിന് വിട; മടങ്ങുന്നത് നിരവധി ഹിറ്റ് ചിരിച്ചിത്രങ്ങളുടെ സംവിധായകൻ ; മലയാളികള്‍ക്ക് നഷ്ടമായത് ഹാസ്യസിനിമകള്‍ക്ക് വേറിട്ട ശൈലി പകര്‍ന്ന ചലച്ചിത്രകാരനെ; ലാലിനൊപ്പവും ഒറ്റയ്ക്കും മലയാളത്തിന് സമ്മാനിച്ചത് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ !

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ചൊവ്വാഴ്ച രാത്രി ഒൻപതോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ 9 മുതൽ 11.30 വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.

കരള്‍ രോഗവും ന്യുമോണിയയും ബാധിച്ച സിദ്ദിഖിനെ ജൂലൈ 10-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആശുപത്രിയില്‍ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. 1956ല്‍ എറണാകുളം കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദീഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദീഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദീഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദീഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദീഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു.

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദീഖ് അണിഞ്ഞു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന സംവിധായക ജോഡി ആയിരുന്നു സിദ്ധിഖും ലാലും. 1989-ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ സിനിമ. കോമഡി ത്രില്ലറായി എത്തിയ സിനിമ വലിയ വിജയമായി. പിന്നീട് ഇൻ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളും ഇവരില്‍ നിന്ന് മലയാളത്തിന് ലഭിച്ചു.

എന്നാല്‍ ഇടക്കാലത്ത് ഇരുവരും പിരിഞ്ഞിരുന്നു. സിദ്ദിഖ് പൂര്‍ണമായും സംവിധാനത്തിലേക്കും ലാല്‍ നിര്‍മ്മാണത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. ആദ്യത്തെ ഈ പിളര്‍പ്പിന് ശേഷം പിറന്ന സിനിമകളാണ് ഹിറ്റലര്‍, ഫ്രണ്ട്‌സ് എന്നിവ. എന്നാല്‍ ഫ്രണ്ട്സിന് ശേഷം രണ്ടുപേരും രണ്ടു വഴി സ്വീകരിക്കുകയായിരുന്നു. രണ്ടു പേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിരവധി സിനിമകളുടെ ഭാഗമായി.

എന്നാല്‍ എന്തുകൊണ്ടാകും ഇവര്‍ പിരിഞ്ഞത് എന്ന ചോദ്യം പ്രേക്ഷകര്‍ക്ക് ഇടയില്‍ സജീവമായിരുന്നു. അതിനിടെയാണ് ഏറെ നാളുകള്‍ക്ക് ശേഷം 2016 ല്‍ കിങ് ലയര്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇവര്‍ ഒന്നിക്കുന്നത്. ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സിദ്ദിഖ് ആയിരുന്നു.