
പൂക്കോട് വെറ്ററിനറി കോളജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ ആന്റി റാഗിംഗ് സ്ക്വാഡ് യു.ജി.സിക്ക് നൽകിയ റിപ്പോർട്ടിൽ നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് ഡീനും അസിസ്റ്റന്റ് വാര്‍ഡനും ആവശ്യപ്പെട്ടെന്ന് മൊഴി. ഇതിന് മുൻപും സമാന മര്‍ദ്ദനമുറകള്‍ ഹോസ്റ്റലില്‍ നടന്നുവെന്നും കണ്ടെത്തൽ. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥൻ്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും.
ആന്റി റാഗിംഗ് സ്ക്വാഡ് യു.ജി.സിക്ക് നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ പൊലീസിന് മൊഴി നല്‍കുമ്പോള്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും ഒപ്പം നിന്നു. ഭയം മൂലം സത്യസന്ധമായ വിവരങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല. അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാതെ അധ്യാപകരും വിദ്യാര്‍ത്ഥിനികളും വിട്ടുനിന്നു. 2019 ലും 2021 ലും സമാന മര്‍ദ്ദനമുറകള്‍ ഹോസ്റ്റലില്‍ നടന്നു. മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥി രണ്ടാഴ്ച ക്ലാസ്സിൽ എത്തിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പറയാന്‍ വിദ്യാര്‍ത്ഥി തയ്യാറല്ലെന്നും കണ്ടെത്തല്‍.
ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയവും രാഷ്ട്രീയ പ്രവർത്തനങ്ങളും നിരോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. യൂണിയൻ പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ അക്കാദമിക് നിലവാരം മാനദണ്ഡമാക്കണമെന്നും റാഗിംഗ് വിരുദ്ധ സ്ക്വാഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ചേർന്ന ഇടതുമുന്നണിയോഗത്തില്‍ സിദ്ധാർത്ഥൻ്റെ മരണം ചർച്ചയാകുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർജെഡിയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാർത്ഥി സംഘടനകൾക്ക് കർശന നിർദേശം നൽകണമെന്ന് ആർജെഡി ആവശ്യപ്പെട്ടു. അതേസമയം, മുന്നണി യോഗത്തിലുണ്ടായ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ തയാറായില്ല.